മുട്ടുമണ്‍-ചെറുകോല്‍പ്പുഴ റോഡില്‍ അപകടങ്ങള്‍ പെരുകുന്നു
1338227
Monday, September 25, 2023 10:09 PM IST
കോഴഞ്ചേരി: ഉന്നത നിലവാരത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച മുട്ടുമണ്‍-ചെറുകോല്‍പ്പുഴ റോഡില്‍ അപകടങ്ങള്‍ പെരുകുന്നു.
മുട്ടുമണ്‍-ചെറുകോല്‍പ്പുഴ റോഡില്‍ "പുല്ലാട്- വടക്കേകവല' ജംഗ്ഷനിലാണ് അപകടം നിത്യസംഭവമാകുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ജംഗ്ഷനില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാണ്. കോട്ടയം-കോഴഞ്ചേരി സംസ്ഥാന പാതയുമായി ചെറുകോല്‍പ്പുഴ റോഡ് സന്ധിക്കുന്ന ഭാഗത്ത് അമിതവേഗമാണ് അപകടങ്ങള്‍ക്കു കാരണമാകുന്നത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ജംഗ്ഷനില്‍ ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കോയിപ്രം പഞ്ചായത്ത് മെംബര്‍ എന്‍.സി. രാജേന്ദ്രന് നായര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹം ഓടിച്ചിരുന്ന ഇരുചക്രവാഹനവും ഇന്നോവയുമായി ഇടിച്ചാണ് അപകടമുണ്ടായത്.
ആധുനികരീതിയില്‍ നിര്‍മിച്ച മുട്ടുമണ്‍-ചെറുകോല്‍പ്പുഴ റോഡില്‍ അപകടം നിത്യസംഭവമായിട്ടും അതിനെ പ്രതിരോധിക്കാന്‍ മോട്ടോര്‍വാഹന, പൊതുമ രാമത്ത് വകുപ്പുകള്‍ തയാറായിട്ടില്ല.
മുട്ടുമണ്‍-ചെറുകോല്‍പ്പുഴ റോഡിന്റെ നിര്‍മാണം ആരംഭിച്ചിട്ട് മുടങ്ങിപ്പോയിരുന്നു. ജനകീയ പ്രതിഷേധം ഉണ്ടായപ്പോഴാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. നിർമാണം പൂര്‍ണമായെങ്കിലും റോഡുമായി അനുബന്ധിച്ചുള്ള ഗ്രാമീണ റോഡുകളുടെ നവീകരണം പൂര്‍ത്തീകരിച്ചിട്ടില്ല.
ആധുനികരീതിയില്‍ നിര്‍മിച്ച മുട്ടുമണ്‍-ചെറുകോല്‍പ്പുഴ റോഡിന്റെ ഇരുവശങ്ങളും റോഡിന്റെ ഉയരത്തിനനുസരിച്ച് ക്രമീകരിച്ചിട്ടില്ല. സുരക്ഷാസംവിധാനങ്ങളും പൂര്‍ത്തീകരിച്ചില്ല. ഏറ്റവുമധികം അപകടം നടക്കുന്ന പുല്ലാട് വടക്കേകവലയില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനുമായിട്ടില്ല.
തിരുവല്ല-കുമ്പഴ സംസ്ഥാനപാതയില്‍ ഏറ്റവും കൂടുതല്‍ അപകടം നടക്കുന്ന പുല്ലാട് ജംഗ്ഷന് മുതല്‍ ചാലായിക്കര വരെയുള്ള ഭാഗത്തും മുന്നറിയിപ്പ് ബോര്‍ഡുകളോ എഐ കാമറകളോ ഇല്ല.