പാക്കണ്ടത്ത് കുടുങ്ങിയ പുലിയെ കക്കി വനത്തിൽ തുറന്നുവിട്ടു
1337288
Thursday, September 21, 2023 11:54 PM IST
പത്തനംതിട്ട: കൂടൽ പാക്കണ്ടത്ത് വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ കുടുങ്ങിയ പുലിയെ കൊച്ചുപന്പയിലെത്തിച്ച് കക്കി വനത്തിലേക്ക് തുറന്നു വിട്ടു.
ഒന്നര വയസുള്ള പെൺപുലിയാണ് ബുധനാഴ്ച രാത്രി ഒന്‍പതോടെ കൂട്ടിലകപ്പെട്ടത്. ഇന്നലെ രാവിലെ ഗവി റൂട്ടിലെ കക്കി വനത്തിൽ പുലിയെ തുറന്നു വിട്ടു. കൂടൽ പാക്കണ്ടത്ത് വള്ളിവിളയിൽ രണേന്ദ്രന്റെ വീടിനടുത്തുള്ള റബർ തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.
ശബ്ദം കേട്ട് രണേന്ദ്രന് ടോര്‍ച്ചടിച്ച് നോക്കിയപ്പോഴാണ് കൂടിനുള്ളില്‍ പുലിയെ കണ്ടത്. തുടര്‍ന്ന് പരിസരവാസികളെയും വനപാലകരെയും വിവരം അറിയിക്കുകയായിരുന്നു. ജനവാസ മേഖലയില്‍പെട്ട സ്ഥലത്താണ് കൂട് സ്ഥാപിച്ചിരുന്നത്.
ഓഗസ്റ്റ് 31നു രാത്രി രണേന്ദ്രന്റെ രണ്ട് ആടുകളെ പുലി പിടികൂടിയിരുന്നു. ഒന്നിനെ പിന്നീട് ചത്തനിലയില്‍ കണ്ടെത്തുകയും മറ്റൊന്നിനെ കാണാതാവുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് വനംവകുപ്പ് ഇവിടെ കൂട് സ്ഥാപിച്ചത്. കൂടിനു സമീപത്തായി ഒരു ആടിനെയും കെട്ടിയിരുന്നു.
ഇതിനെ പിടിക്കാനുള്ള ശ്രമത്തിനിടെയാണ് പുലി കൂടിനുള്ളില്‍ കുടുങ്ങിയത്. ആട് കൂടിന്റെ മറ്റൊരു ഭാഗത്തായിരുന്നതിനാൽ സുരക്ഷിതമായിരുന്നു. പുലിയെ കൂട്ടിൽ നിന്നു പുറത്തിറക്കിയശേഷമാണ് ആടിനെ പുറത്തെത്തിച്ചത്.
കൂടല്‍ ഇഞ്ചപ്പാറ ഭാഗത്തും പുലി അടുത്തയിടെ വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ചിരുന്നു. ഇവിടെയും കൂട് സ്ഥാപിച്ചിട്ടുണ്ട്. പുലി കുടുങ്ങിയ വിവരം അറിഞ്ഞു രാത്രിയില്‍ രാത്രിയില്‍ വന്‍തോതില്‍ ജനങ്ങള്‍ തടിച്ചുകൂടിയതിനു പിന്നാലെ കൂട് മറയ്ക്കേണ്ടിവന്നു. പിന്നീട് കൂട് വാഹനത്തില്‍ കയറ്റി പാടം ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ചശേഷം രാവിലെ കക്കിയിലേക്ക് പുറപ്പെടുകയായിരുന്നു.
ഗവി പാതയിൽ വാഹനം നിർത്തിയശേഷം കൂട് തുറക്കുകയായിരുന്നു. കൂട്ടിനുള്ളിൽ കിടന്ന പുലിയെ ശബ്ദമുണ്ടാക്കി പുറത്തേക്കു ചാടിക്കുകയായിരുന്നു. വാഹനത്തിൽ നിന്നു ചാടി കാട്ടിനുള്ളിലേക്ക് ഇത് ഓടി രക്ഷപ്പെട്ടു.
ഇനിയും പുലികളുണ്ടെന്ന് നാട്ടുകാർ
കൂടൽ പാക്കണ്ടം, ഇഞ്ചപ്പാറ പ്രദേശങ്ങളിലായി ഇനി പുലികളുണ്ടെന്ന് നാട്ടുകാർ. വർഷങ്ങളായി ഇവയുടെ സാന്നിധ്യം ഇടവിട്ട് ഉണ്ടാകാറുണ്ട്. നിരവധി വളർത്തു മൃഗങ്ങളെയാണ് ഇതിനോടകം ആളുകൾക്ക് നഷ്ടപ്പെട്ടത്.
പ്രദേശത്ത് നാല് പുലികളുണ്ടെന്നാണ് നാട്ടുകാരുടെയും വനംവകുപ്പിന്റെയും നിഗമനം. ഇനി രണ്ടു കുട്ടികളും ഒരു അമ്മപ്പുലിയും ഇവിടെയുണ്ടാകാമെന്ന് കരുതുന്നു.
പുലികൾക്ക് തങ്ങാൻ കഴിയുന്ന സാഹചര്യമാണ് പാക്കണ്ടം മേഖലയിലുള്ളത്. കുറ്റിക്കാടുകളും പാറയിടുക്കുകളും ധാരാളമുണ്ട്.