ജനറൽ ആശുപത്രിയിൽ താത്കാലിക സംവിധാനം വരും
1336551
Monday, September 18, 2023 11:18 PM IST
പത്തനംതിട്ട: ജനറൽ ആശുപത്രിയുടെ പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കി പുതിയതു നിർമിക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി നിലവിലെ സംവിധാനങ്ങൾ താത്കാലിക കെട്ടിടങ്ങളിലേക്കു മാറ്റാനുള്ള ആലോചനകൾ പുരോഗമിച്ചു. അന്തിമ തീരുമാനങ്ങൾക്കായി ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയോഗം ഉടൻ ചേരും.
ജനറൽ ആശുപത്രിയിൽ ഔട്ട് പേഷ്യന്റ് വിഭാഗം, അത്യാഹിത, ക്രിട്ടിക്കൽ വിഭാഗങ്ങൾക്കാണ് പുതിയ കെട്ടിടം പണിയുന്നത്. ഇതിനായി നിലവിലെ കാഷ്വാലിറ്റിയും ഒപി ബ്ലോക്കും പൊളിക്കണം. സ്ഥലപരിമിതിയും അടിസ്ഥാന സൗകര്യമില്ലായ്മയും കെട്ടിടത്തിന്റെ കാലപ്പഴക്കവുമാണ് നിലവിലെ കാഷ്വാലിറ്റിയും ഒപി ബ്ലോക്കു പൊളിച്ചുമാറ്റാൻ കാരണം. മൂന്നു വർഷത്തിനുള്ളിൽ പുതിയ കെട്ടിടം പൂർത്തീകരിക്കാനാണ് പദ്ധതി.
പുതിയ കെട്ടിടം
ആശുപത്രിയിൽ പുതിയ കെട്ടിടത്തിനുള്ള പ്ലാനും പദ്ധതിയും തയാറായിട്ടു നാളുകളായി. നിർമാണ അനുമതി അടക്കം ലഭിച്ചതാണെന്നും പറയുന്നു.
ക്രിട്ടിക്കൽ കെയർ യൂണിറ്റിനും അത്യാഹിത വിഭാഗത്തിനുമായി 23 കോടി, ഒപി ബ്ലോക്ക് കെട്ടിടത്തിന് 12 കോടി എന്നിങ്ങനെയാണ് തുക വകയിരുത്തിയിരിക്കുന്നത്. അണ്ടർ ഗ്രൗണ്ട് പാർക്കിംഗ് അടക്കമുള്ള ആധുനിക സംവിധാനങ്ങൾ കെട്ടിടത്തിലുണ്ടാകും.
നിലവിൽ മറ്റൊരു ഒപി ബ്ലോക്കിന്റെ നിർമാണം നടന്നുവരികയാണ്. പാർക്കിംഗ് ഏരിയായിലാണ് ഇതിന്റെ നിർമാണം. 300 കിടക്കകളുള്ള ആശുപത്രിയുടെ പ്രവർത്തനം പൂർണസജ്ജമാകണമെങ്കിൽ കെട്ടിടങ്ങൾ പൂർത്തീകരിക്കണം.
സ്ഥലപരിമിതിയിൽ വീർപ്പുമുട്ടും
നിലവിലെ കാഷ്വാലിറ്റിയും ഒപി ബ്ലോക്കും പൊളിച്ച് പുതിയ കെട്ടിടം നിർമാണം പൂർത്തിയാകുന്നതു വരെ ജനറൽ ആശുപത്രിയിൽ സ്ഥലപരിമിതി രോഗികളെയും കൂട്ടിരിപ്പുകാരെയും വലയ്ക്കും. ആശുപത്രിയുടെ പുതിയ പ്രധാന കവാടം അടയ്ക്കേണ്ടിവരും.
പകരം പിന്നിലെ ഡോക്ടേഴ്സ് ലെയ്നിൽ നിന്ന് ആശുപത്രിയിലേക്ക് താത്കാലിക വാതിൽ നിർമിക്കാനാണ് ആലോചന. ഇതു ഗതാഗതകുരുക്കിനു കാരണമാകും. ഡോക്ടേഴ്സ് ലെയ്ൻ റോഡിന്റെ വീതിക്കുറവു കാരണം അടിയന്തരഘട്ടത്തിൽ വാഹനങ്ങളുടെ യാത്ര ബുദ്ധിമുട്ടാകും.അത്യാഹിത വിഭാഗത്തിലേക്കുള്ള വാഹനങ്ങൾ ഒഴികെയുള്ളവ ഈ റോഡിലൂടെ കടത്തിവിടാതിരിക്കാനുള്ള ആലോചനയുമുണ്ട്.
കാരുണ്യ ഫാർമസിക്ക് പിന്നിൽ ആശുപത്രിയുടെ മതിൽ പൊളിച്ച് ഡോക്ടേഴ്സ് ലെയ്നിൽനിന്ന് ആശുപത്രിയിലേക്ക് പുതിയ പാത നിർമിക്കാനാണ് ആലോചന. ആശുപത്രിയിൽ നിലവിലെ പാർക്കിംഗ് ഏരിയയിൽ മറ്റൊരു ഒപി ബ്ലോക്കിന്റെ നിർമാണം നടന്നു വരികയാണ്. പുതിയ ബ്ലോക്ക് നിർമിക്കുന്പോൾ ആശുപത്രിക്കുള്ളിൽ പാർക്കിംഗിന് സ്ഥലമുണ്ടാകില്ല.
പ്രായോഗിക തടസങ്ങൾ ഏറെ
പുതിയ കെട്ടിടം നിർമിക്കുന്നതുവരെ ഒപിയും അത്യാഹിത വിഭാഗവും എവിടെ പ്രവർത്തിപ്പിക്കണമെന്നത് അധികൃതരെ കുഴയ്ക്കുന്നു. നിരവധി നിർദേശങ്ങൾ ഇതുമായി ബന്ധപ്പെട്ടുയർന്നെങ്കിലും പ്രായോഗിക തടസങ്ങൾ ഏറെയുണ്ട്.
തിരക്കേറിയ ആശുപത്രിയിൽ നിലവിലുള്ള സംവിധാനങ്ങൾ കുറയുന്നതു സാധാരണക്കാരായ രോഗികളെ ബുദ്ധിമുട്ടിലാക്കും. കോന്നിയിലെ സർക്കാർ മെഡിക്കൽ കോളജ് പൂർണസജ്ജമാക്കാനായാൽ ജനറൽ ആശുപത്രിയിലെ തിരക്ക് ഒരുപരിധിവരെ കുറയ്ക്കാൻ കഴിയുമായിരുന്നു.
എന്നാൽ ഉദ്ഘാടനം കഴിഞ്ഞു രണ്ടുവർഷം പിന്നിടുന്പോഴും മെഡിക്കൽ കോളജിൽ ചികിത്സാ സംവിധാനങ്ങൾ സജ്ജമായിട്ടില്ല.
വാടകക്കെട്ടിടത്തിലേക്ക്
പുതിയ കെട്ടിടങ്ങൾ നിർമിക്കുമ്പോഴുള്ള സ്ഥലപരിമിതി രോഗികളെ ബാധിക്കാതിരിക്കാനും വാഹന പാർക്കിംഗിനും മറ്റുമായി ആശുപത്രിയിലെ ഒപി സംവിധാനം അടഞ്ഞു കിടക്കുന്ന പത്തനംതിട്ട ജിയോ ആശുപത്രിയിലേക്ക് മാറ്റാൻ ആലോചനയുണ്ട്. കോവിഡ് കാലത്ത് സർക്കാർ ജിയോ ആശുപത്രി ഏറ്റെടുത്തു രോഗികളെ പ്രവേശിപ്പിച്ചിരുന്നു.
എന്നാൽ ജനറൽ ആശുപത്രി ഒപി ഇവിടേക്ക് മാറ്റുന്നത് രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് അഭിപ്രായമുയർന്നിട്ടുണ്ട്. ഒപി മാറ്റുമ്പോൾ ലാബോറട്ടറികളും മാറ്റേണ്ടി വരും.
ഇതിനുള്ള ഇലക്ട്രിക്, സാങ്കേതിക സൗകര്യങ്ങൾ ഒരുക്കാൻ വൻ തുക ചെലവാക്കണം. ഒപി ജിയോ ആശുപത്രിയിലേക്ക് മാറ്റുകയും ലാബ് ജനറൽ ആശുപത്രിയിൽ നിലനിർത്തുകയും ചെയ്താൽ പരിശോധനകൾക്ക് അങ്ങോട്ടുമിങ്ങോട്ടും പോകേണ്ടി വരുന്നതു രോഗികൾക്ക് ദുരിതമാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഐപി വിഭാഗം ഒരിടത്തും ഒപി മറ്റൊരിടത്തുമായി ആശുപത്രി പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നതിലെ ബുദ്ധിമുട്ടുകൾ ഡോക്ടർമാരും ചൂണ്ടാക്കിട്ടിയിട്ടുണ്ട്.
നിലവിലെ സൗകര്യം
പുതിയ കെട്ടിടം പണി പൂർത്തിയാകുന്നതുവരെ കോവിഡ് കാലത്ത് ഉപയോഗിച്ച ബി ആൻഡ് സി ബ്ലോക്കിനു സമീപത്തെ സാംക്രമിക രോഗനിർണയ കേന്ദ്രം കാഷ്വാലിറ്റിയായും കാരുണ്യ ഫാർമസിക്ക് സമീപമുള്ള കെഎച്ച്ആർ പേ വാർഡ് ഒപി വാർഡായും പ്രവർത്തിപ്പിക്കാനാണ് ആലോചന.