കോമളം പാലം പണി തുടങ്ങുന്നു
1300363
Monday, June 5, 2023 11:04 PM IST
ശിലാസ്ഥാപനം
നാളെ
മല്ലപ്പള്ളി: ഒന്നരവർഷത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ കോമളത്ത് പുതിയ പാലത്തിന്റെ നിർമാണം തുടങ്ങുന്നു. ശിലാസ്ഥാപനം നാളെ 11.30ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും.
മണിമലയാറിനു കുറുകെ പുറമറ്റം, കല്ലൂപ്പാറ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് കോമളം കടവിലുണ്ടായിരുന്ന പാലത്തിന്റെ അപ്രോച്ച് റോഡ് 2021 ഒക്ടോബർ 18നുണ്ടായ പ്രളയത്തിൽ നഷ്ടമായതിനു പിന്നാലെയാണ് ഇരുകരകൾ തമ്മിലുള്ള ബന്ധം നഷ്ടമായത്.
പാലത്തിനു പ്രത്യക്ഷത്തിൽ തകരാറുകൾ കണ്ടിരുന്നില്ലെങ്കിലും അപ്രോച്ച് റോഡിന്റെ പുനർനിർമാണത്തിലൂടെ പഴയപാലം ഉപയോഗയോഗ്യമാക്കാനാകില്ലെന്നതായിരുന്നു പൊതുമരാമത്ത് വിദഗ്ധ സംഘത്തിന്റെ നിഗമനം. ഇതേത്തുടർന്ന് പുതിയ പാലം പണിയാനുള്ള നീക്കം ആരംഭിച്ചെങ്കിലും നടപടിക്രമങ്ങൾ ഏറെ വൈകിയതോടെ ജനങ്ങളുടെ യാത്രാദുരിതവും ഇരട്ടിച്ചു.
വിദ്യാഭ്യാസം അടക്കം ദൈനംദിന ആവശ്യങ്ങൾക്കായി ഇരുകരകളും തമ്മിൽ പരസ്പരം ബന്ധമുണ്ടായിരുന്ന പാതയാണ് മുറിഞ്ഞത്. താത്കാലിക ബെയ്ലി പാലം നിർമിച്ചു ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ ഹൈക്കോടതി വരെ നിർദേശിച്ചെങ്കിലും ഇതിനു വേണ്ടി വരുന്ന പണച്ചെലവും കാലതാമസവും കണക്കിലെടുത്ത് പുതിയ പാലം പണി ഉടൻ ആരംഭിക്കുകയെന്നതായിരുന്നു സർക്കാർ നിലപാട്.
കരാർ ഊരാളുങ്കൽ
സൊസൈറ്റിക്ക്
പുതിയ പാലത്തിന്റെ കരാർ ഏറ്റെടുത്തിരിക്കുന്നത് കോഴിക്കോട് ഊരാളുങ്കൽ സൊസൈറ്റിയാണ്. പാലത്തിനുവേണ്ടി മൂന്നുതവണ ടെൻഡർ നടപടികൾ നടത്തി. 8.34 കോടി രൂപയായിരുന്ന സർക്കാർ അടങ്കൽ തുക നിശ്ചയിച്ചത്. ഈ തുകയ്ക്ക് കരാറെടുക്കാൻ ആരും തയറായില്ല.
തുടർന്ന് ജോലികൾക്ക10.18 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കി. നിലവില്‍ പ്രവൃത്തിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവൃത്തി ഊരാളുങ്കൽ സൊസൈറ്റിഏറ്റവും കുറഞ്ഞ നിരക്കായ 23.99 ശതമാനം അധികരിച്ച തുകയില്‍ കരാറില്‍ ഏര്‍പ്പെട്ടു. ഒന്നര വര്‍ഷത്തെ നിര്‍മാണ കാലയളവില്‍ പാലം പൂര്‍ത്തീകരിച്ച് ഗതാഗതത്തിന് തുറന്ന് കൊടുക്കുകയാണ് ലക്ഷ്യം.
പുതുതായി നിര്‍മിക്കുന്ന പാലത്തിന് കോമളം കരയില്‍ 13.325 മീറ്റര്‍ നീളമുള്ള ഒരു ലാന്‍ഡ് സ്പാനും തുരുത്തിക്കാട് കരയില്‍ 13.325 മീറ്ററും 12.5 മീറ്ററും നീളമുള്ള ഓരോ ലാന്‍ഡ് സ്പാനുകളുമാണ് വിഭാവനം ചെയ്തിട്ടുള്ളത്. കൂടാതെ നദിയില്‍ 32 മീറ്റര്‍ നീളത്തില്‍ ഒരു സ്പാനും 30.725 മീറ്റര്‍ നീളത്തില്‍ രണ്ടു സ്പാനും ഉള്‍പ്പെടെ ആറു സ്പാനുകിലായി പാലത്തിന് 132.6 മീറ്റര്‍ നീളമുണ്ടാകും. ഇരുവശങ്ങളിലുമായി 1.5 മീറ്റര്‍ നടപ്പാത ഉള്‍പ്പെടെ 11 മീറ്റര്‍ വീതിയുള്ള പാലത്തിന്റെ അടിത്തറ പൈല് ഫൗണ്ടേഷനായും സൂപ്പര്‍ സ്ട്രക്ചര്‍ പോസ്റ്റ് ടെന്‍ഷന്‍ഡ് പിഎസ്സി ഗര്‍ഡര്‍ ആന്‍ഡ് സ്ലാബ് ഇന്റഗ്രേറ്റഡ് വിത്ത് സബ് സ്ട്രക്ചറുമായാണ് നിര്‍മിക്കുന്നത്.
പഴയ പാലം
പൊളിച്ചുനീക്കി
പുതിയ പാലത്തിന്റെ നിർമാണം ആരംഭിക്കുന്നതിന്റെ ഭാഗമായി പഴയ പാലം പൂർണമായി പൊളിച്ചുനീക്കി. കരാറെടുത്ത ഏജൻസി തന്നെ ഇതു നിർവഹിക്കേണ്ടി വന്നു. കരാർ തുക അധികരിക്കാൻ കാരണമായതും ഇതാണ്.
പഴയ പാലത്തിന് 10.75 മീറ്റര്‍ വീതമുള്ള അഞ്ച് സ്പാനുകളുമാണ് ഉണ്ടായിരുന്നത്. സെമി സബ് മേഴ്സിബിള് ബ്രിഡ്ജായി രൂപകല്പന ചെയ്തിരുന്ന പാലത്തിന്റെ സ്പാനുകളില്‍ അന്നുണ്ടായ വെള്ളപ്പൊക്കത്തിന്റെ ഫലമായി മരത്തടി, മുള, തുടങ്ങി പ്രളയത്തില്‍ ഒഴുകി വന്ന മറ്റ് മാലിന്യങ്ങള്‍ വന്നടിഞ്ഞു പാലത്തിന്റെ വെൻഡ്വേ പൂര്‍ണമായി അടഞ്ഞു പോയി.
പാലത്തിന് മുകള്‍ പ്രദേശങ്ങളില്‍ ക്രമാതീതമായി വെള്ളപ്പൊക്കം ഉണ്ടാകുകയും തല്‍ഫലമായി പാലം പൂര്‍ണമായും ബണ്ടു പോലെ അടഞ്ഞു പോകുകയും ചെയ്തു.
ഇതുമൂലമുണ്ടായ വെള്ളത്തിന്റെ തള്ളല്‍ താങ്ങാനാകാതെ തുരുത്തിക്കാട് കരയിലുള്ള പ്രവേശനപാതയും അതിനോടു ചേര്‍ന്ന കരയും ഏകദേശം 35 മീറ്ററോളം ഒലിച്ചു പോകുകയായിരുന്നു. ഇങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കില്‍ വെള്ളത്തിന്റെ തള്ളല്‍ താങ്ങാനാകാതെ പാലം പൂര്‍ണമായും തകര്‍ന്ന് നദിയുടെ 30 കിലോമീറ്റർ താഴെയുള്ള ഇരുകരകളിലും താമസിക്കുന്നവരുടെ ജീവനും സ്വത്തിനും അപകടം ഉണ്ടാകാന്‍ സാധ്യതയുണ്ടായിരുന്നുവെന്നാണ് വിലയിരുത്തൽ.
പ്രളയത്തെ തുടര്‍ന്ന് പാലത്തിന്റെ തൂണുകള്‍ക്കും അടിത്തറയ്ക്കും കാര്യമായ ബലക്ഷയം സംഭവിക്കുകയും ചെയ്തു. പാലത്തിന്റെ അടിത്തറയായ വെല്‍ ഫൗണ്ടേഷന് ചുറ്റുമുണ്ടായിരുന്ന മണല്‍ ഒലിച്ചു പോയി നദിയുടെ അടിത്തട്ട് ക്രമാതീതമായ രീതിയില്‍ താഴുന്നു പോയതു കാരണം വെല്‍ ഫൗണ്ടേഷന്റെ മുക്കാല്‍ ഭാഗത്തോളം നദിയുടെ അടിത്തട്ടിന് മുകളിലായി തെളിഞ്ഞു നില്ക്കുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. ഇതേത്തുടർന്നാണ് പഴയ പാലം പൂർണമായി പൊളിച്ചുനീക്കിയത്.
തല്‍സ്ഥാനത്ത് പുതിയ ഹൈ ലെവല്‍ പാലം പണിയുന്നതാണ് ഏറ്റവും അനുയോജ്യമെന്ന് പൊതുമരാമത്ത് വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ക്ക് ബോധ്യപ്പെട്ടിരുന്നു. ഇതിന് പ്രകാരം വിശദമായ മണ്ണ് പരിശോധനയും രൂപകല്പനയും പൂര്‍ത്തിയാക്കി.
ഉദ്ഘാന സമ്മേളനം
കല്ലൂപ്പാറ കരയിൽ
പുതിയ പാലത്തിന്റെ നിർമാണോദ്ഘാടനത്തോടനുബന്ധിച്ച് നാളെ കല്ലൂപ്പാറ കരയിലാണ് സമ്മേളനം ക്രമീകരിക്കുന്നത്. മാത്യു ടി. തോമസ് എംഎൽഎ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു ചന്ദ്രമോഹൻ (മല്ലപ്പള്ളി), കെ.കെ. വത്സല (കോയിപ്രം), ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സൂസൻ തോംസൺ (കല്ലൂപ്പാറ), വിനീത് കുമാർ (പുറമറ്റം), ത്രിതല പഞ്ചായത്തംഗങ്ങൾ, പൊതുമരാമത്ത് വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.