പുതമണ്ണില്‍ ദുരിതം ഒഴിയുന്നില്ല ; താത്കാലിക പാതയ്ക്കു കാത്തിരിപ്പ്
1299837
Sunday, June 4, 2023 6:35 AM IST
പത്തനംതിട്ട: റാന്നി-കീക്കൊഴൂര്‍-കോഴഞ്ചേരി പാതയില്‍ അപകടാവസ്ഥയിലായ പുതമണ്‍ പാലത്തിനു സമീപത്തുകൂടി ബസ് ഗതാഗതംകൂടി സാധ്യമായ താത്കാലിക പാതയ്ക്കു ധനമന്ത്രിയുടെ അനുമതി ലഭിച്ച് ഒന്നര മാസം പിന്നിട്ടിട്ടും തുടര്‍ നടപടികളെങ്ങുമെത്തിയില്ല.
30.8 ലക്ഷം രൂപയുടെ താത്കാലിക പാലം നിര്‍മാണത്തിനു ധനവകുപ്പ് പ്രത്യേക അനുമതി നല്‍കിയതായി സ്ഥലം എംഎല്‍എ പ്രമോദ് നാരായണ്‍ അറിയിച്ചത് ഏപ്രിലിലാണ്. മഴക്കാലം ആരംഭിക്കുന്നതിനു മുമ്പായി ഇതു തയാറാകുമെന്ന പ്രതീക്ഷയിലായിരുന്നു പ്രദേശവാസികള്‍. എന്നാല്‍, നടപടിക്രമം ഇപ്പോഴും മുന്നോട്ടു നീങ്ങിയിട്ടില്ല.
ഇഴഞ്ഞിഴഞ്ഞ്
താത്കാലിക പാതയുടെ നിര്‍മാണത്തിനു പൊതുമരാമത്ത് വകുപ്പ് തയാറാക്കിയ എസ്റ്റിമേറ്റിന് ചീഫ് എന്‍ജിനിയര്‍ അംഗീകാരം നല്കി. ഇതിനു സര്‍ക്കാര്‍ അംഗീകാരം ലഭിച്ചാലുടന്‍ താത്കാലിക റോഡിന്റെ നിര്‍മാണം ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നത്. പുതമണ്ണില്‍ തകരാറിലായ പാലത്തിനു സമീപത്തുകൂടി താത്കാലിക പാത നിര്‍മിക്കാൻ സ്ഥലം വിട്ടുനല്‍കാന്‍ സ്ഥലമുടമ അന്ത്യാളന്‍കാവ് കൊച്ചുകാലായില്‍ സി.എ. മാത്യു തയാറായിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി ആരംഭിച്ചത്.
വെള്ളം ഒഴുക്കിവിടുന്നതിനായി പൈപ്പിട്ടുകൊണ്ട് മണ്ണു നിരത്തി മുകളില്‍ മെറ്റലിംഗ് നടത്തി നിര്‍മിക്കുന്ന പാതയ്ക്ക് നാലു മീറ്ററാണ് വീതി നിശ്ചയിച്ചിരുന്നത്.
മഴ ശക്തമായാല്‍ പണി പാളും
മഴ ശക്തമായാല്‍ പുതമണ്ണില്‍ താത്കാലികപാത നിര്‍മിക്കാനാകില്ല. തോട്ടിലെ ഒഴുക്കും പാടശേഖരത്തിലെ വെള്ളവും എല്ലാംകൂടി നിര്‍മാണത്തെ ബാധിക്കും. താത്കാലികപാത നിര്‍മിച്ചാല്‍ത്തന്നെ നദിയില്‍ ജലനിരപ്പുയരുമ്പോള്‍ മുങ്ങാന്‍ സാധ്യതയുണ്ടായിരുന്നു.
മഴ തുടങ്ങുന്നതിനു മുമ്പായി നിര്‍മാണം പൂര്‍ത്തീകരിച്ചിരുന്നുവെങ്കില്‍ വാഹനങ്ങള്‍ കടത്തിവിട്ട് പാത ഉറപ്പിക്കാനാകുമായിരുന്നു.
പാതയുടെ അടിയന്തര പ്രാധാന്യം കണക്കിലെടുത്തു ധനമന്ത്രി പ്രത്യേകാനുമതി നല്കിയ പദ്ധതിയാണെങ്കിലും ഉദ്യോഗസ്ഥതലത്തില്‍ പതിവുരീതിയില്‍ ഫയലുകള്‍ നീക്കയതോടെയാണ് പദ്ധതി തടസപ്പെട്ടത്.
വലിയ വാഹനങ്ങളൊഴികെ
തകരാറിലായ പാലത്തില്‍ ഗതാഗതം തടഞ്ഞു നിര്‍മിച്ചിരുന്ന മതില്‍ക്കെട്ട് പൊളിച്ചു നീക്കി ഇതുവഴി കൂടുതല്‍ വാഹനങ്ങള്‍ ഓടിത്തുടങ്ങി. കോഴഞ്ചേരി-കീക്കൊഴൂര്‍-പാതയിലെ യാത്രാദുരിതം അത്രമാത്രം രൂക്ഷമായിരുന്നു. നിലവില്‍ ബസുകളും വലിയ വാഹനങ്ങളും ഒഴികെ കടന്നുപോകുന്നുണ്ട്. കഴിഞ്ഞ ജനുവരി 25നാണ് പാലത്തിനു തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്.
എഴുപതു വര്‍ഷത്തോളം പഴക്കമുള്ള പാലത്തിന്റെ അബട്ട്മെന്റിലും ബീമിലുമാണ് വിള്ളല്‍ കണ്ടത്. പാലം പൊളിച്ചുനീക്കണമെന്നാണ് പൊതുമരാമത്ത് വകുപ്പ് വിദഗ്ധ സംഘം റിപ്പോര്‍ട്ട് നല്‍കിയത്. ഇതേത്തുടര്‍ന്നു പാലം അടച്ചു. ഇരുചക്രവാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കുമാണ് പാലത്തിലൂടെ യാത്ര അനുമതി ഉണ്ടായിരുന്നത്. ഇതിനുള്ള ഭാഗം ഒഴികെ കെട്ടി അടച്ചിരുന്നു.
എന്നാല്‍, താത്കാലിക സംവിധാനം പാളുകയും ബദല്‍ റോഡുകള്‍ ഗതാഗതയോഗ്യമല്ലാതെ വരികയുംകൂടി ചെയ്തതോടെ പാലത്തിലേര്പ്പെടുത്തിയിരുന്ന തടസം നീക്കി ഓട്ടോറിക്ഷകളും ചെറുവാഹനങ്ങളും പാലത്തിലൂടെത്തന്നെ ഓടിത്തുടങ്ങി.
യാത്രാദുരിതം
പുതമണ്‍ പാലത്തിന്റെ തകര്‍ച്ചയോടെ ഇതുവഴിയുണ്ടായിരുന്ന ബസുകള്‍ വഴിതിരിച്ചുവിട്ടു. ബസുകളേറെയും പേരൂര്ച്ചാല്പാലം വഴി ചെറുകോല്‍പ്പുഴ റോഡിലൂടെയാണ് പോകുന്നത്. ഇതോടെ കീക്കൊഴൂര്‍ മുതല്‍ കച്ചേരിപ്പടിവരെയുള്ള ഭാഗത്തു യാത്രാദുരിതം ഏറി.
വയലത്തല റോഡിലൂടെ അന്ത്യാളന്‍കാവ് വഴി ബസ് വഴി തിരിച്ചുവിട്ടെങ്കിലും റോഡിന്റെ ശോച്യാവസഥ കാരണം ബസുകള്‍ക്കു താത്പര്യമില്ല. സ്കൂളുകള്‍കൂടി തുറന്നതോടെ യാത്രാദുരിതം ഇരട്ടിച്ചു. കോഴഞ്ചേരിയില്‍നിന്നു പുതമണ്‍ വരെ ഒരു ബസ് സര്‍വീസിന് അനുമതി നല്‍കിയെങ്കിലും നഷ്ടമാണെന്ന പേരില്‍ ഇത് അധിക ദിവസം ഓടിയില്ല. യാത്രക്കാരുടെ പ്രശ്നങ്ങള്‍ക്കു പരിഹാരമായിട്ടാണ് താത്കാലികപാത അടിയന്തരമായി നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നത്.
പുതിയ പാലം എന്നുവരും..?
പുതമണ്ണില്‍ പുതിയ പാലത്തിന്റെ നടപടികള്‍ തുടങ്ങിയെങ്കിലും വേഗം പോരെന്നു പറയുന്നു.
സ്ഥിരമായ പാലം നിര്‍മാണത്തിനുള്ള ഇന്‍വെസ്റ്റിഗേഷന്‍ പ്രവര്‍ത്തനത്തിന് എസ്റ്റിമേറ്റ് എടുക്കുകയും മണ്ണ് പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇന്‍വെസ്റ്റിഗേഷന്‍ പൂര്‍ത്തിയാക്കി ഡിസൈന്‍ അടക്കം അംഗീകരിച്ചെങ്കില്‍ മാത്രമേ ടെന്‍ഡറിലേക്കു കടക്കാനാകൂ. ഇപ്പോഴത്തെ നിലയില്‍ മാസങ്ങളുടെ കാലാവധി ഇതിനുതന്നെ വേണ്ടിവരും.