മധ്യവേനലവധിയില്‍ ഏകപക്ഷീയ മാറ്റം അംഗീകരിക്കില്ല: കെപിഎസ്ടിഎ
1299834
Sunday, June 4, 2023 6:35 AM IST
പത്തനംതിട്ട: തികച്ചും ഏകപക്ഷീയമായി തീരുമാനങ്ങളെടുത്ത് വിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കാനാണ് വിദ്യാഭ്യാസ മന്ത്രി ശ്രമിക്കുന്നതെന്നു കെപിഎസ്ടിഎ റവന്യു ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
മധ്യവേനലവധിയില്‍ മാറ്റം വരുത്തിയതാണ് ഏറ്റവും ഒടുവിലെടുത്ത തീരുമാനം. സാധാരണ ഇത്തരം തീരുമാനങ്ങളെടുക്കുന്നതിനു മുന്‍പ് അധ്യാപക സംഘടനകളുമായി ആശയവിനിമയം നടത്തും. ക്യുഐപി യോഗം വിളിച്ചു ചേര്ക്കാറുമുള്ളതാണ്. കാലങ്ങളായി കേരളത്തില്‍ നിലനിന്നുവന്ന സമയക്രമമാണ് ഒറ്റയടിക്ക് മാറ്റിമറിക്കുന്നത് .
ഏപ്രില്‍ ആറിനാരംഭിക്കുന്ന തരത്തില്‍ മധ്യവേനലവധി ക്രമീകരിച്ചാല്‍ വിദ്യാഭ്യാസ മേഖലയ്ക്ക് എന്ത് ഗുണമേന്മയാണ് ഉണ്ടാകുന്നതെന്നു മന്ത്രി വ്യക്തമാക്കണം. തീരുമാനം പുനഃപരിശോധിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി സംഘടന മുന്നോട്ട് പോകുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എസ്. പ്രേമിന്റെ അധ്യക്ഷതയില്‍ സംസ്ഥാന നിര്‍വാഹകസമിതി അംഗങ്ങളായ ഫിലിപ്പ് ജോര്‍ജ്, വര്‍ഗീസ് ജോസഫ്, ജില്ലാ സെക്രട്ടറി ഫ്രെഡി ഉമ്മന്‍, വി.ജി. കിഷോര്‍, എസ്. ദിലീപ് കുമാര്‍, ജോണ്‍ ഫിലിപ്പ്, ബിറ്റി അന്നമ്മ തോമസ്, മാത്യുസണ് പി. തോമസ്, ജോണ്‍ ചെറിയാന്, വി. ലിബികുമാര്‍, ആര്. ജ്യോതിഷ്, രജിത ആര്. നായര്‍, എസ്. ചിത്ര, വി.ടി. ജയശ്രീ, തോമസ് മാത്യു, ജോണ്‍ ജോയി, ബിനു കെ. സാം, ടോമിന് പടിയറ, ശരവണന് എന്നിവര്‍ പ്രസംഗിച്ചു.