അടൂർ ഗവൺമെന്റ് ബോയ്സ് സ്കൂളിൽ അനിലക്ഷ്മി ഹാജർ
1299487
Friday, June 2, 2023 11:04 PM IST
അടൂർ: ആറ് ദശബ്ദങ്ങൾക്കു ശേഷം അടൂർ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനം നേടാൻ ഇനി ആൺ, പെൺ വ്യത്യാസമില്ല. മിക്സഡ് സ്കൂളായി മാറിയതോടെ ഹൈസ്കൂൾ വിഭാഗത്തിൽ അനിലക്ഷ്മി എന്ന പെൺകുട്ടി എട്ടാംക്ലാസിലേക്ക് ആദ്യ പ്രവേശനം ഉറപ്പിച്ചു.
1917ൽ സ്ഥാപിതമായ അടൂർ ഗവ. ബോയ്സ് സ്കൂൾ മിക്സഡായിട്ടാണ് ആരംഭിച്ചത്. എന്നാൽ കുട്ടികളുടെ ബാഹുല്യം കാരണം 1961ൽ ബോയ്സ്, ഗേൾസ് സ്കൂളുകളായി വേർപിരിഞ്ഞു.
1997ൽ ഹയർ സെക്കൻഡറി ആരംഭിച്ചപ്പോൾ പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചിരുന്നു. എന്നാൽ അഞ്ച് മുതൽ പത്ത് വരെയുള്ള ഹൈസ്കൂൾ വിഭാഗത്തിൽ ആൺകുട്ടികൾ മാത്രമായി തുടരുകയായിരുന്നു.
ബോയ്സ് സ്കൂളിലെ അധ്യാപക-രക്ഷാകർത്തൃസമിതി പെൺകുട്ടികളെ സ്കൂളിൽ ചേർക്കുന്നതിന് അനുവാദം നൽകണമെന്നാവശ്യപ്പെട്ട് 2021ൽ പ്രമേയം പാസാക്കി സർക്കാരിലേക്ക് അയച്ചു. ഇതേത്തുടർന്ന് സ്കൂളിൽ പെൺകുട്ടികളെയും ഹൈസ്കൂൾ ഭാഗത്തിൽ പ്രവേശിപ്പിക്കാമെന്നു കഴിഞ്ഞ മേയ് 26നു സർക്കാർ ഉത്തരവ് വന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനിലക്ഷ്മിക്ക് പ്രവേശനം നൽകിയത്.
അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും ചേർന്ന് അനിലക്ഷ്മിക്ക് സ്കൂളിലേക്ക് വരവേല്പ് നൽകി. തനിക്ക് കൂട്ടായി വിദ്യാർഥിനികൾ ആരെങ്കിലുമൊക്കെ എത്തുമെന്ന പ്രതീക്ഷയിലാണ് അനിലക്ഷ്മി.
സ്കൂളിലെ പ്രവേശനോത്സവത്തോടനുബന്ധിച്ച യോഗത്തിലാണ് അനിലക്ഷ്മിയെയും സ്വീകരിച്ചത്. പിടിഎ വൈസ് പ്രസിഡന്റ് സുനിൽ മൂലയിൽ അധ്യക്ഷത വഹിച്ചു. എച്ച്എംസി ചെയർമാൻ കെ. ഹരിപ്രസാദ്, പ്രിൻസിപ്പൽ സജി വർഗീസ്, പ്രധാനാധ്യാപിക സന്തോഷ് റാണി, മുൻ പ്രധാന അധ്യാപകൻ എ. മൻസൂർ, പി.ആർ. ഗിരീഷ്, കെ. അനിൽകുമാർ, ഉദയൻ പിള്ള എന്നിവർ പ്രസംഗിച്ചു.