എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സെന്റര്‍ ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്
1298082
Sunday, May 28, 2023 10:54 PM IST
കോഴഞ്ചേരി: കേരളത്തിലെ എല്ലാ താലൂക്ക് ആശുപത്രികളിലും 2023-24 സാമ്പത്തിക വര്‍ഷം ഡയാലിസിസ് സെന്റര്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഒപി-ഡയഗ്നോസ്റ്റിക് ബ്ലോക്കിന്റെ നിര്‍മാണോദ്ഘാടനം ആശുപത്രി അങ്കണത്തില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സ്പെഷാലിറ്റി സേവനങ്ങള്‍ താലൂക്ക് തലം മുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ആരംഭിച്ചിട്ടുണ്ട്. സൂപ്പര്‍ സ്പെഷാലിറ്റി സേവനങ്ങള്‍ക്കായി കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കും.
കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഒപി-ഡയഗ്നോസ്റ്റിക് ബ്ലോക്കിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ആര്. അജയകുമാര്‍, ജില്ലാപഞ്ചായത്തംഗം സാറാ തോമസ്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സാറാമ്മ ഷാജന്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗീതു മുരളി, ബിജിലി പി. ഈശോ, ഡിഎംഒ ഡോ. എല്‍. അനിതകുമാരി, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. നിധീഷ് ഐസക് സാമുവല്‍ തുടങ്ങിയവർ പ്രസംഗിച്ചു.