പുല്ലാട് തോട്ടില്‍ മാലിന്യംകെട്ടിക്കിടന്ന് ദുര്‍ഗന്ധം വമിക്കുന്നു
1298081
Sunday, May 28, 2023 10:54 PM IST
പുല്ലാട്: തോട്ടിലെ മാലിന്യവും ദുര്‍ഗന്ധവും ജനങ്ങളെ ദുരിതത്തിലാക്കുന്നു. ടികെ റോഡരികില്‍ പുല്ലാട് ജംഗ്ഷനരികിലൂടെ ഒഴുകുന്ന തോട്ടിലെ ദുര്‍ഗന്ധവും മാലിന്യങ്ങളുമാണ് പ്രദേശവാസികള്‍ക്കും വ്യാപാരികള്‍ക്കും ഒരേപോലെ ബുദ്ധിമുട്ടായി മാറിയത്.
ദുര്‍ഗന്ധം അസഹനീയമായതോടെ വ്യാപാരസ്ഥാപനങ്ങളില്പോലും ആളുകള്‍ പ്രവേശിക്കാന്‍ മടിക്കുകയാണ്. ഹോട്ടലുകളിലെ അവശിഷ്ടങ്ങളും പുല്ലാട് ജംഗ്ഷനു സമീപമുള്ള മാര്‍ക്കറ്റിലെ പച്ചക്കറി, മാംസ മാലിന്യങ്ങളും ഉള്‍പ്പെടെ നിക്ഷേപിക്കുന്നതു തോട്ടിലേക്കാണ്.
കുറ്റിക്കാടും ചെടികളും മാലിന്യവും നിറഞ്ഞിരിക്കുന്നതിനാല്‍ ജലത്തിന്റെ ഒഴുക്കും തടസപ്പെട്ടിരിക്കുകയാണ്. ഗ്രാമപഞ്ചായത്തിലെ 8, 7, 15 വാര്‍ഡുകളിലൂടെയാണ് തോട് കടന്നുപോകുന്നത്. ജംഗ്ഷനിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തുകൂടിയാണ് തോട് കടന്നുപോകുന്നത്. തോട്ടില്‍നിന്നു വമിക്കുന്ന ദുര്‍ഗന്ധം കാരണം കാത്തിരിപ്പുകേന്ദ്രത്തിലേക്കും ആരും കയറാറില്ല.
കോയിപ്രം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥമൂലമാണ് തോട് മാലിന്യവാഹിനിയായി മാറാനിടയായതെന്നു ജംഗ്ഷനിലെ വ്യാപാരികള്‍ പറയുന്നു. തോട് വൃത്തിയാക്കാനുള്ള നടപടികള്‍ പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെങ്കില്‍ പ്രശ്നം മനുഷ്യാവകാശകമ്മീഷനു മുമ്പിലും കോടതിയുടെ ശ്രദ്ധയിലും എത്തിക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികള്‍.