കെ.കെ. വത്സല കോയിപ്രം ബ്ലോക്ക് പ്രസിഡന്റ്
1297519
Friday, May 26, 2023 10:55 PM IST
പുല്ലാട്: കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ കെ.കെ. വത്സല തെരഞ്ഞെടുക്കപ്പെട്ടു. എഴുമറ്റൂര്‍ ഡിവിഷനില്‍ നിന്നുള്ള മെംബറാണ് വത്സല. സിപിഎം ധാരണ പ്രകാരം പ്രസിഡന്റായിരുന്ന ശോശാമ്മ ജോസഫ് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വത്സലയ്ക്ക് ഏഴ് വോട്ടും എതിര്‍സ്ഥാനാര്‍ഥിയായി മത്സരിച്ച കോണ്‍ഗ്രസിലെ എല്‍സി ക്രിസ്റ്റഫറിന് അഞ്ച് വോട്ടും ലഭിച്ചു. കേരള കോണ്‍ഗ്രസിലെ സ്വതന്ത്രഅംഗം എല്‍സ തോമസ് തെരഞ്ഞെടുപ്പ് യോഗത്തില്‍നിന്നു വിട്ടുനിന്നു. സമീപകാലത്ത് എല്‍ഡിഎഫിന് എല്‍സ പിന്തുണ പ്രഖ്യാപിച്ചെങ്കിലും കേരള കോണ്‍ഗ്രസ് സ്വതന്ത്രഅംഗമായതിനാല് പാര്‍ട്ടി വിപ്പ് നല്‍കിയതിനാലാണ് ഇവര്‍ വിട്ടുനിന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ.കെ. വത്സല എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം മല്ലപ്പള്ളി ഏരിയാകമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്റ് ഏരിയാ പ്രസിഡന്റുമാണ്. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയില്‍ ആദ്യഘട്ടത്തില്‍ യുഡിഎഫിനായിരുന്നു ഭൂരിപക്ഷം. കോണ്‍ഗ്രസിലെ ജിജി ജോണ്‍ മാത്യു പ്രസിഡന്റും രാജന് തോമസ് വൈസ് പ്രസിഡന്റുമായിരുന്നു. 13 അംഗ ഭരണസമിതിയില്‍ യുഡിഎഫ് ഏഴ്, എല്‍ഡിഎഫ് ആറ് എന്നിങ്ങനെയായിരുന്നു കക്ഷിനില. ഭരണസമിതി അധികാരമേറ്റ് ഒരുവര്‍ഷം തികയുംമുമ്പേ എല്‍ഡിഎഫ് അവതരിപ്പിച്ച അവിശ്വാസത്തെ കോണ്‍ഗ്രസിലെ ഉണ്ണി പ്ലാച്ചേരി പിന്തുണയ്ക്കുകയും പിന്നാലെ എല്‍ഡിഎഫിനൊപ്പം വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുകയും ചെയ്തു.
പുതിയ പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. അനുമോദനയോഗത്തില്‍ സിപിഎം മല്ലപ്പള്ളി ഏരിയാ സെക്രട്ടറി ബിനു വര്‍ഗീസ്, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി. ഏബ്രഹാം, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി. പ്രസാദ്, അനീഷ് കുന്നപ്പുഴ എന്നിവര്‍ പ്രസംഗിച്ചു.
കുടുംബശ്രീ ജില്ലാ മിഷൻ കലോത്സവം ഇന്ന്
പത്തനംതിട്ട: കുടുംബശ്രീ മിഷൻ ജില്ലാതല അരങ്ങ് 2023 കലോത്സവം ഇന്ന് പത്തനംതിട്ടയിൽ നടക്കും. രാവിലെ 9.30 മുതൽ അബാൻ ആർക്കേഡിലും ഗീതാഞ്ജലി ഓഡിറ്റോറിയത്തിലുമായി വിവിധ മത്സരങ്ങൾ അരങ്ങേറും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ കലോത്സവം ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യും. 250 ലധികം കലാകാരികൾ 36ൽപരം ഇനങ്ങളിലായാണ് മത്സരിക്കുന്നത്.