വൈക്കം സത്യഗ്രഹ ശതാബ്ദി സ്മരണയിൽ ചിറ്റേടത്ത് തറവാട്
1282622
Thursday, March 30, 2023 10:45 PM IST
കോഴഞ്ചേരി: വൈക്കം സത്യഗ്രഹം നൂറുവർഷം പിന്നിടുന്പോൾ കോഴഞ്ചേരി ചിറ്റേടത്ത് തറവാടിനു പോരാട്ട രംഗത്തെ വീരോചിതമായ ചരിത്രം കൂട്ട്. വൈക്കം സത്യഗ്രഹത്തിലെ ഏക രക്തസാക്ഷി ചിറ്റേടത്ത് ശങ്കുപിള്ളയുടെ തറവാടാണിത്. കോഴഞ്ചേരി മേലുകരയിൽ ഇന്നും ചരിത്രസാക്ഷിയായി തറവാട് സ്ഥിതി ചെയ്യുന്നു. വീരനായകന്റെ സ്മരണകൾ ഇപ്പോഴത്തെ തലമുറയും തറവാടിന്റെ മഹത്വം കാത്തുസൂക്ഷിച്ച് അയവിറക്കുന്നുണ്ട്.
വൈക്കം സത്യഗ്രഹ ശതാബ്ദിയോടനുബന്ധിച്ച കോൺഗ്രസ് സംഘടിപ്പിച്ച ആഘോഷ പരിപാടികൾക്കായി ചിറ്റേടത്ത് ശങ്കുപിള്ളയുടെ ഛായാചിത്രം കൊണ്ടുപോയതും കോഴഞ്ചേരിയിൽ നിന്നാണ്.
മേലുകരയിൽ മൂന്ന് ഏക്കർ സ്ഥലം തറവാടിനോടു ചേർന്ന് കുടുംബത്തിനുണ്ട്. പന്പാനദിയുടെ തീരത്താണ് സ്ഥാനം. മൂന്നുഭാഗവും നദി ചുറ്റപ്പെട്ടു നിൽക്കുന്നതിനാൽ പ്രകൃതി മനോഹാര്യതയും ഏറെയാണ്. വാസ്തുവിദ്യയുടെ അഴകിൽ പണിതീർത്തിട്ടുള്ള തറവാട് ഇന്നും മനോഹരമായി കാത്തുസൂക്ഷിച്ചുവരികയാണ്. നാലാംതലമുറയിൽപെട്ട ശോഭനാദേവിയാണ് ഇപ്പോൾ താമസം. കിടങ്ങന്നൂർ വിജയാനന്ദ വിദ്യാപീഠത്തിലെ റിട്ടയേഡ് അധ്യാപിക കൂടിയായ ശോഭനാദേവിയുടെ ഭർത്താവ് റിട്ടയേഡ് ആർമി ഉദ്യോഗസ്ഥൻ കൂടിയായ രാമചന്ദ്രൻ നായരും മകൻ വിനോദും ഒപ്പമുണ്ട്.
തിരുവിതാംകൂർ ജില്ലാ കോൺഗ്രസ് സെക്രട്ടറി സ്ഥാനത്തിരുന്നുകൊണ്ടാണ് ചിറ്റേടത്ത് ശങ്കുപിള്ള വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായത്.
603 ദിവസത്തെ വൈക്കം സത്യഗ്രഹത്തിൽ മർദനം മൂലം കൊല ചെയ്യപ്പട്ടയാളാണ് അദ്ദേഹം. 1887 ഏപ്രിൽ പത്തിനു ജനിച്ച ചിറ്റേടത്ത് ശങ്കുപിള്ള 1924ൽ അന്തരിച്ചു.