നിർമലപുരം കരുവള്ളിക്കാട് കുരിശുമല തീർഥാടനത്തിന് ഒരുക്കങ്ങളായി
1279955
Wednesday, March 22, 2023 10:43 PM IST
ചുങ്കപ്പാറ: മധ്യതിരുവതാംകൂറിലെ പ്രസിദ്ധമായ ചുങ്കപ്പാറ-നിർമലപുരം കരുവള്ളിക്കാട്ട് കുരിശുമല തീർഥാടനത്തിന് ഒരുക്കങ്ങളായി. നോന്പുകാലത്ത് നിരവധിയാളുകൾ പ്രാർഥനയ്ക്കായി കുരിശുമല ചവിട്ടാറുണ്ട്.
പ്രധാന തീർഥാടനം നാല്പതാം വെള്ളിയാഴ്ചയായ 31നു നടക്കും. സീറോ മലബാർ, ലത്തീൻ, മലങ്കര സഭകളുടെയും ഇതര എപ്പിസ്കോപ്പൽ സഭകളുടെയും സംയുക്ത നേതൃത്വത്തിൽ ഉച്ചകഴിഞ്ഞ് 2.30ന് ചുങ്കപ്പാറ സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിൽ നിന്നു വിശുദ്ധ കുരിശിന്റെ വഴി മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തിൽ ആരംഭിക്കും. മരക്കുരിശും ഏന്തി മലമുകളിലേക്കുള്ള യാത്രയിൽ വൈദികരും സന്യസ്തരും വിശ്വാസികളും പങ്കെടുക്കും. മാരംകുളം കുരിശടി വഴി നിർമലപുരം ഇലഞ്ഞിപ്പുറംപടി വഴി പുതുതായി നിർമിച്ച വഴിയിലൂടെ വിശുദ്ധ കുരിശിന്റെ ഐക്കണുകൾ സ്ഥാപിച്ചിരിക്കുന്ന പതിനാല് സ്ഥലങ്ങളിൽ പ്രാർഥിച്ചാണ് യാത്ര.
31ന് ഉച്ചകഴിഞ്ഞ് ചുങ്കപ്പാറ പള്ളിയിൽ ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം ആമുഖസന്ദേശം നൽകും. മലമുകളിൽ ചുങ്കപ്പാറ സെന്റ് ജോർജ് പള്ളി വികാരി ഫാ. തോമസ് തൈയ്ക്കാട്ട് സമാപന സന്ദേശം നൽകും. ആശിർവാദത്തെത്തുടർന്ന് ഉണ്ണിയപ്പം നേർച്ചയും ഉണ്ടാകും. സീറോ മലബാർ, മലങ്കര, ലത്തീൻ തീർഥാടന സമിതി ഭാരവാഹികമായ ഫാ. ജോസഫ് മാമ്മൂട്ടിൽ, ഫാ. സേവ്യർ ചെറുനെല്ലാടിയിൽ, ഫാ. തോമസ് തൈയ്ക്കാട്ട്, ഫാ. ജേക്കബ് നടുവിലേക്കളം
തീർഥാടന കേന്ദ്രം ജനറൽ കൺവീനർ ജോസി ഇലഞ്ഞിപ്പുറം, സോണി കൊട്ടാരം, തോമസുകുട്ടി വേഴമ്പതോട്ടം, ഡൊമിനിക് സാവിയോ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ തീർഥാടനവാര ക്രമീകരണങ്ങൾക്കു നേതൃത്വം നൽകും.
വിശുദ്ധവാരത്തിലെ ഓശാന നായർ, ദുഃഖവെള്ളി, പുതുഞായർ ദിവസങ്ങളിൽ തീർഥാടന സൗകര്യമുണ്ട്.