ചിറ്റാറിലേതു കടുവ തന്നെ; തെരച്ചിൽ ഊർജിതം
1279686
Tuesday, March 21, 2023 10:46 PM IST
പത്തനംതിട്ട: ചിറ്റാറിലെ ജനവാസ മേഖലകളിൽ കണ്ടതു കടുവയെന്നു സ്ഥിരീകരണം. പ്രദേശവാസികൾ ഭീതിയിൽ.
കാരിക്കയം പാലയ്ക്കൽ സോമരാജന്റെ വീടിന്റെ തിണ്ണയിലാണ് കഴിഞ്ഞ ദിവസം കടുവയെ കണ്ടത്. കടുവയുടെ മുമ്പില്‍ ചെന്നുപെട്ട സോമരാജൻ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പുലര്‍ച്ചെ വീടിനു പുറത്തുള്ള ശുചിമുറിയില്‍ പോയി മടങ്ങി വീട്ടിലേക്കു വരുമ്പോഴാണ് വീടിന്റെ തിണ്ണയില്‍ കിടന്ന കടുവയുടെ മുന്പില് ഇദ്ദേഹം ചെന്നുപെടുന്നത്. ഭയന്നുവിറച്ച് ഇദ്ദേഹം അലറിവിളിച്ചതോടെ കടുവ ഓടിപ്പോയി.
കാരിക്കയം, മുതലവാരം, പടയനിപ്പാറ മേഖലകളെല്ലാം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളാണ്.
കര്‍ഷകരും സാധാരണ ജനങ്ങളുമാണധികവും. പ്രദേശത്ത് ഇതാദ്യമായാണ് കടുവയുടെ സാന്നിധ്യം കണ്ടെത്തിയത്. സംഭവസ്ഥലത്ത് എത്തിയ വനപാലകരും വന്നതു കടുവയെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. കടുവയുടെ കാല്‍പ്പാടുകളും അവര്‍ കണ്ടെത്തി. കടുവയുടെ സഞ്ചാരപഥവും തിരിച്ചറിഞ്ഞിട്ടുണ്ട്. കാരിക്കയം ഭാഗത്തു കടുവയുടെ സാന്നിധ്യം ആദ്യമാണെന്നു പറയുന്നു. കടുവയെ കണ്ട വീടിനു സമീപം ഒരു കേഴമാനിനെയും കണ്ടിരുന്നു. ഇതിനെ ഓടിച്ചുകൊണ്ടാണ് കടുവ ഇവിടെവരെ എത്തിയതെന്നു കരുതുന്നു.
ജാഗ്രതാനിർദേശം
കടുവയെ കണ്ടെത്തിയതിനാല്‍ പ്രദേശത്തു കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ വനപാലകര്‍ നിര്‍ദേശം നല്കി.
ഒരാഴ്ച ടാപ്പിംഗ് ജോലികള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മേഖലയിൽ വനം ദ്രുതകർമസേനയുടെ കാവൽ ഏർപ്പെടുത്തി. ആവശ്യമെങ്കിൽ കൂട് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് വനംവകുപ്പ്.
രണ്ടു മാസം മുന്‍പു മണിയാര്‍ പോലീസ് ക്യാന്പിനു സമീപത്തു കടുവയെ രണ്ടുതവണ കണ്ടിരുന്നു. വീണ്ടും കാരിക്കയത്തു കടുവയെ കണ്ടതോടെ ഈ മേഖലയില്‍ കടുവയുടെ സ്ഥിരസാന്നിധ്യമുണ്ടെന്ന നിലപാടിലാണ് നാട്ടുകാര്‍. കൊടുമുടി വനമേഖലയിലും കടുവയെ മുന്‍പു കണ്ടിരുന്നു.
മലയോര മേഖലയിലെ പല സ്ഥലങ്ങളിലും കടുവയുടെയും പുലിയുടെയും സാന്നിധ്യം ഇപ്പോള്‍ ശക്തമാണ്. മുന്‍പ് കാട്ടുപന്നികളാണ് ഭീഷണി ഉയര്‍ത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ കടുവയും കാട്ടുപോത്തുമെല്ലാമാണ് കൃഷിയിടങ്ങള്‍ കൈയടക്കിയിരിക്കുന്നത്. പല തോട്ടങ്ങളിലും ടാപ്പിംഗ് ഏറെക്കാലമായി മുടങ്ങിയിരിക്കുകയുമാണ്.