പാവനാടകം പഠനമാധ്യമമാക്കി ജോസഫ് സാര്‍
1279396
Monday, March 20, 2023 10:39 PM IST
പത്തനംതിട്ട: അധ്യാപന മേഖലയില്‍നിന്നു വിരമിച്ചെങ്കിലും എം.എം. ജോസഫ് മേക്കൊഴൂരിന് ഇപ്പോഴും തിരക്കാണ്. പാവകളിയുടെ സഹായത്തോടെ അധ്യാപനം നടത്തുന്ന ജോസഫ് സാറിനെത്തേടി സ്കൂളുകളില്‍ നിന്നും വിളികളെത്താറുണ്ട്.
പാവകളിയെ അഥവാ ലോകത്താകമാനം നല്ല ഒരു ബോധന മാധ്യമമായി അംഗീകരിച്ചുവെങ്കിലും ഈ മേഖലയില്‍ പ്രാവീണ്യം നേടിയിട്ടുള്ള അധ്യാപകര്‍ കുറവാണ്.
ക്ലാസ്മുറികളിലെ വിരസതയകറ്റി പഠനം രസകരമാക്കുന്നതിനൊപ്പം കുട്ടികളുടെ മനസിലേക്ക് ഓടിയെത്താനും പാവകളിയിലൂടെ നല്കുന്ന സന്ദേശം ചിരപ്രതിഷ്ഠയാക്കാനും കഴിയുന്നുവെന്നതാണ് പ്രത്യേകത.
കലാചരിത്രകാരന്മാര് പാവകളിയുടെ ഉത്ഭവകാലത്തെക്കുറിച്ച് വ്യക്തമായ സൂചനകള്‍ നല്കുന്നില്ലെങ്കിലും ഉത്ഭവം ഇന്ത്യയിലാണെന്നാണ് പറയപ്പെടുന്നത്. 2500 വര്‍ഷം മുമ്പ് ഇന്ത്യയില്‍ പാവകളി കലാരൂപമായി നിലനിന്നിരുന്നു. എഡി രണ്ടാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ചിലപ്പതികാരത്തില് പാവകളിയെ സംബന്ധിച്ച സൂചനകളുണ്ടെന്ന് എം.എം. ജോസഫ് പറയുന്നു.
ചെറുപ്പത്തിലേ പാവകളോടുണ്ടായിരുന്ന ആഭിമുഖ്യമാണ് അധ്യാപകനായി മാറിയപ്പോഴും പാവനാടകത്തോടു പ്രിയമുണ്ടാകാന് കാരണമായത്. 1993ല്‍ പാവനാടകം പഠിക്കുന്നതിനായി ഡല്‍ഹിയിലെത്തി. സിസിആര്ടിയിലായിരുന്നു പഠനം. പാവകളി ഒരു പഠനമാധ്യമമാക്കാമെന്ന ജോസഫ് സാറിന്റെ നിര്‍ദേശത്തിനു വിവിധ മേഖലകളില്‍ സ്വീകാര്യത ലഭിച്ചു. എസ്എസ്എ, ഡിപിഇപി തുടങ്ങിയ പദ്ധതികളിലൂടെ പാവകളി മുഖേനയുള്ള പഠനത്തിന് ഔദ്യോഗിക അംഗീകാരമായി.
പ്രവൃത്തി പരിചയമേളകളില്‍ എം.എം. ജോസഫിന്റെ ശിക്ഷണത്തിലൂടെ പരിശീലനം നേടിയ വിദ്യാര്‍ഥികള്‍ പപ്പറ്റ് ഷോകള്‍ അവതരിപ്പിച്ച് സംസ്ഥാനതലത്തില്‍വരെ സമ്മാനങ്ങള്‍ നേടി. കടമ്മനിട്ട ഗവണ്‍ന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അധ്യാപകനായിരിക്കേ രൂപീകരിച്ച ഭൈരവി നാടകവേദി ഇന്നും സജീവമാണ്.