മാരാമൺ കരിസ്മാറ്റിക് കൺവൻഷൻ 23 മുതല്‍
1279103
Sunday, March 19, 2023 10:25 PM IST
കോഴഞ്ചേരി: മാരാമണ്‍ കരിസ്മാറ്റിക് കണ്വന്ഷന് 23 മുതല്‍ 26വരെ. മാരാമണ്‍ സെന്റ് ജോസഫ് റോമന്‍ കത്തോലിക്ക ദേവാലയ അങ്കണത്തില്‍ തയാർ ചെയ്യുന്ന പന്തലില്‍ നടക്കും.
23 ന് വൈകുന്നേരം 5.30 ന് വിജയപുരം രൂപതാധ്യക്ഷന്‍ റൈറ്റ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരില്‍ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. തിരുവല്ല അതിരൂപതാധ്യക്ഷൻ ആര്‍ച്ച് ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത സമാപന സന്ദേശം നല്‍കും. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കൽ, പുനലൂര്‍ രൂപതാധ്യക്ഷന്‍ ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ സന്ദേശങ്ങള്‍ നല്‍കും.
കോട്ടയം നാഗമ്പടം വിജയപുരം രൂപത സെന്റ് ആന്റണീസ് തിരുശേഷിപ്പ് തീർഥാടന കേന്ദ്രത്തിലെ റെക്ടറും പ്രശസ്ത വചന പ്രഘോഷനുമായ മോൺ. സെബാസ്റ്റ്യൻ പൂവത്തിങ്കലാണ് കണ്വന്ഷന് നേതൃത്വം നല്‍കുന്നത്.
മാരാമണ്‍, കോഴഞ്ചേരി, കുമ്പനാട്, നാരങ്ങാനം, കാട്ടൂര്‍, അയിരൂര്‍ തുടങ്ങിയ ഇടവകകളാണ് കണ്വന്ഷന് നേതൃത്വം നല്‍കുന്നത്.
ഇദംപ്രഥമമായിട്ടാണ് മാരാമണ്‍ സെന്റ് ജോസഫ് കത്തോലിക്ക ദേവാലയത്തില്‍ ഇത്തരത്തിലുളള കണ്വന്ഷന് നടക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം 5.30 ന് ആരംഭിച്ചു രാത്രി ഒന്പതിനു സമാപിക്കുന്ന രീതിയിലാണ് കണ്‍വന്‍ഷനുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
കണ്‍വന്‍ഷനില്‍ പങ്കെടുത്ത് വിവിധ സ്ഥലങ്ങളിലേക്ക് എത്തിച്ചേരുന്നതിന് പ്രത്യേക വാഹനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.
വൈകുന്നേരം അഞ്ചിന് ജപമാല, 5.30 ന് ദിവ്യബലി, 6.30 ന് ഗാനശുശ്രൂഷ, രാത്രി ഏഴിന് വചന പ്രഘോഷണം എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് ഫാ. ജോഷി പുതുപറമ്പില്‍, ഫാ. മാത്യു നരിപ്പാറ, പീയൂഷ് ജോസഫ് , എം.എ. ജോസഫ്, ജോജി ജോണ്‍, തോമസ് ജോണ്സണ്, റോണി ഏലിയാസ് അഗസ്റ്റിന് എന്നിവര്‍ വിശദീകരിച്ചു.