മുത്തൂറ്റ് ആശുപത്രിയിൽ കാൻസർ ദിനാചരണം നാലിന്
1263958
Wednesday, February 1, 2023 10:19 PM IST
പത്തനംതിട്ട: കോഴഞ്ചേരി എം.ജി. ജോർജ് മുത്തൂറ്റ് കാൻസർ സെന്ററിന്റെ ആഭിമുഖ്യത്തിൽ കാൻസർ രോഗദിനാചാരണ പരിപാടികൾ നാല്, അഞ്ച് തീയതികളിൽ നടക്കുമെന്ന് ആശുപത്രി അധികൃതർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ലോക കാൻസർ ദിനമായ നാലിന് കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രി അങ്കണത്തിൽ പൊതുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിവിധ ഗെയിം ഷോകൾ, ഡോക്ടർമാർ നയിക്കുന്ന ബോധവത്കരണ പരിപാടികൾ, ആശയസംവാദം, രോഗമുക്തി നേടിയവരുടെ അനുഭവവിവരണം എന്നിവ നടക്കും. ആന്റോ ആന്റണി എംപി പങ്കെടുക്കും.
അഞ്ചിന് രാവിലെ ഒന്പതിന് കുമ്പനാട് ലോയൽ കൺവൻഷൻ സെന്ററിൽ ഡോക്ടർമാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കാൻസർ വിദ്യാഭ്യാസ ശില്പശാല നടക്കും. ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഉദ്ഘാടനം ചെയ്യും. ടാറ്റ മെഡിക്കൽ സെന്റർ മുൻ ഡയറക്ടറും വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലെ മജ്ജ മാറ്റിവയ്ക്കൽ ചികിത്സാ വിഭാഗം മുൻ മേധാവിയുമായ പത്മശ്രീ ഡോ. മാമ്മൻ ചാണ്ടി മുഖ്യപ്രഭാഷണം നടത്തും. ഡോ. രാജു ടൈറ്റസ് അടക്കം കേരളത്തിനകത്തും പുറത്തുനിന്നുമുള്ള പ്രമുഖ കാൻസർരോഗ വിദഗ്ധർ ശില്പശാല നയിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് മെഡിക്കൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ക്വിസ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.
ഫോൺ: 7561 020 123. ഡോ. അബു ഏബ്രഹാം കോശി, ഡോ. ജേക്കബ് ജോൺ, ഡോ. അഞ്ജു അന്ന എബ്രഹാം, ഡോ. മാത്യു തര്യൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.