കാട്ടുപന്നിയെ വെടിവയ്ക്കാം, പക്ഷേ തോക്ക് തരില്ല
1263647
Tuesday, January 31, 2023 10:20 PM IST
ശല്യക്കാരായ കാട്ടുപന്നിയെ വെടിവയ്ക്കാൻ സർക്കാർ തീരുമാനമുണ്ട്. വെടിവയ്ക്കാനുള്ള ഉത്തരവ് നൽകാനുള്ള മജിസ്റ്റീരിയൽ ചുമതല അതതു തദ്ദേശസ്ഥാപന അധ്യക്ഷർക്കു നൽകിയിട്ടുമുണ്ട്. എന്നാൽ, നടപടികൾ കടലാസിലൊതുങ്ങി. മുന്പ് ജാഗ്രതാ സമിതി രൂപീകരിച്ചു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മാത്രം ലൈസൻസുള്ള തോക്ക് ഉപയോഗിച്ചു വെടിവയ്ക്കാമെന്നായിരുന്നു തീരുമാനം. എന്നാൽ, നടപടിക്രമം ലഘൂകരിച്ച് ആറുമാസം മുന്പ് ഉത്തരവ് നൽകി. ഇതുപ്രകാരം പഞ്ചായത്ത് പ്രസിഡന്റുമാർക്കടക്കം അധികാരം ലഭിച്ചു. പക്ഷേ, ലൈസൻസുള്ള തോക്ക് ഉപയോഗിക്കുന്ന ഷൂട്ടർമാരെ ലഭിക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്നം. ഓരോ പഞ്ചായത്തിലും ലൈസൻസുള്ളവരെ ലഭിക്കാതെ വന്നതോടെ സമീപ പഞ്ചായത്തുകാരെ ആശ്രയിക്കേണ്ടിവന്നു. ഇതു വേണ്ട രീതിയിൽ പ്രയോജനപ്പെട്ടില്ല.
പുതിയ ലൈസൻസിനുവേണ്ടി തോക്ക് ഉടമകൾ അപേക്ഷ നൽകിയാൽ കളക്ടറേറ്റിൽ പരിഗണിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ലൈസൻസ് നൽകാനുള്ള ചുമതല ജില്ലാ കളക്ടർക്കാണ്. അംഗീകൃത സ്ഥാപനത്തിൽനിന്നു പരിശീലനം നേടിയതിന്റെ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ പ്രാദേശികമായ റിപ്പോർട്ട് കൂടി പരിഗണിച്ചു ലൈസൻസ് നൽകണം. എന്നാൽ, നടപടിക്രമം വൈകിപ്പിക്കുന്നതായി പറയുന്നു. കഴിഞ്ഞ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ അപേക്ഷകളിൽ പോലും നടപടിയില്ല. ഒരു ഷൂട്ടർപോലുമില്ലാത്ത ഗ്രാമപഞ്ചായത്തുകളുടെ അതിർത്തികളിൽനിന്നുള്ള അപേക്ഷകൾ വരെ കെട്ടിക്കിടക്കുകയാണ്.