പൈപ്പിടീൽ; പുതമൺ-വയലത്തല റോഡും അടച്ചു
1263338
Monday, January 30, 2023 10:03 PM IST
പത്തനംതിട്ട: പുതമൺ പാലത്തിന്റെ തകർച്ചയോടെ ഒറ്റപ്പെട്ടു പോയ പ്രദേശങ്ങൾക്ക് ഇരുട്ടടി നൽകി വയലത്തല റോഡും അടച്ചും. ജലജീവൻ മിഷൻ പദ്ധതിയിൽ പൈപ്പ് സ്ഥാപിക്കുന്നതിനുവേണ്ടിയാണ് ഇന്നലെ വയലത്തല റോഡ് അടച്ചത്. പുതമൺ ജംഗ്ഷൻ മുതൽ വയലത്തല വരെയുള്ള ഭാഗത്ത് പുതിയ പൈപ്പ് ഇടാനാണ് പദ്ധതി. ഇതിനായി റോഡ് അടയ്ക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണെന്ന് ജല അഥോറിറ്റി അധികൃതർ പറഞ്ഞു.
പുതമൺ പാലത്തിന്റെ തകർച്ചയുമായി ബന്ധപ്പെട്ട ബദൽ ക്രമീകരണങ്ങൾക്കായി എംഎൽഎ വിളിച്ചു ചേർത്ത യോഗത്തിലും വയലത്തല റോഡ് അടച്ചിടുകയാണെന്ന് അറിയിച്ചിരുന്നു. ഇതെത്തുടർന്നാണ് വാഹനങ്ങൾ ചാക്കപ്പാലം വഴി തിരിച്ചുവിടാൻ നിർദേശിച്ചത്. എന്നാൽ ചാക്കപ്പാലം വഴിയുള്ള റോഡിൽ പിഐപി കനാൽ പാലം കടക്കേണ്ടിവരുന്നുവെന്നതാണ് വാഹനങ്ങൾക്കു തടസമായിട്ടുള്ളത്. ഇതുവഴി ബസ് സർവീസിനുള്ള തടസവും ഇതായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഈ റോഡിലൂടെ ബസുകൾ കടത്തിവിടുന്നുണ്ട്.