സമരമുഖത്ത് നിൽക്കുന്നവരുടെ സ്വാതന്ത്ര്യത്തിനായി പോരാടണം - ഡോ. ഗീവർഗീസ് മാർ കൂറിലോസ്
1246015
Monday, December 5, 2022 10:37 PM IST
ഇരവിപേരൂർ: ദേശീയത പ്രസംഗിക്കുന്നവർ സ്വാതന്ത്ര്യ സമരത്തിലെ ന്യൂനപക്ഷ നേതൃത്വത്തെ തമസ്കരിക്കുകയാണെന്ന് ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത. വൈഎംസിഎ തിരുവല്ല സബ് റീജിയനും സെന്റ് പോൾസ് സിഎസ്ഐ യൂത്ത് മൂവ്മെന്റും ചേർന്ന് നടത്തിയ "സ്വാതന്ത്ര്യ സമരത്തിൽ ക്രൈസ്തവ പങ്കാളിത്തം' എന്ന വിഷയത്തിലെ സെമിനാറും സമ്മേളനവും സെന്റ് പോൾസ് സിഎസ്ഐ പള്ളിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാരതന്ത്ര്യത്തിന്റെ ശക്തികൾ വേരോട്ടം നടത്തുന്ന ഇന്നിന്റെ സാഹചര്യത്തിൽ സമരമുഖത്ത് നിൽക്കുന്ന ജന സമൂഹങ്ങളോടുചേർന്ന് നിന്ന് അവരുടെ നീതിക്കും സ്വാതന്ത്ര്യത്തിനും പോരാടുന്പോഴാണ് സ്വാതന്ത്ര്യത്തിന്റെ അഭിമാന ബോധം ഉയർത്താൻ നമുക്ക് കഴിയുകയെന്നും അദ്ദേഹം പറഞ്ഞു.
സബ് റീജിയൻ ചെയർമാൻ ലിനോജ് ചാക്കോ അധ്യക്ഷത വഹിച്ചു.
ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തി. പ്രഫ. ഫിലിപ്പ് എൻ. തോമസ് വിഷയം അവതരിപ്പിച്ചു. ജോൺ കെ. മാത്യൂസ്, ജനറൽ കൺവീനർ ജോജി പി. തോമസ്, സിഎസ്ഐ മധ്യകേരള മഹാഇടവക യൂത്ത് മൂവ്മെന്റ് വർക്കിംഗ് പ്രസിഡന്റ് അജോയ് സ്റ്റീഫൻ, സജി കെ.പി. കണ്ണാട്ടിൽ, ജോസഫ് നെല്ലാനിക്കൻ, ഇവാഞ്ചലിസ്റ്റ് സജി ജോസഫ്, കെ.സി. മാത്യു, തോമസ് വി. ജോൺ, ശരത് ഈപ്പൻ റോയി, ജയ്സൺ ജെയിംസ് എന്നിവർ പ്രസംഗിച്ചു.