അച്ഛൻ നൽകിയ പരിശീലന മികവിൽ ഗിരിധർ വേദി കൈയടക്കി
1245456
Saturday, December 3, 2022 11:30 PM IST
കോന്നി: തിരുവല്ലയിൽ നടന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ മോണോആക്ട് വേദിയിൽ പി. ഗിരിധർ തിളങ്ങിയത് അച്ഛൻ പ്രദീപ് കുമാർ നൽകിയ പരിശീലന മികവിൽ.ആനുകാലിക പ്രസക്തിയുള്ള വിഷയം വേദിയിൽ അവതരിപ്പിച്ചുകൊണ്ടാണ് ഗിരിധർ ഒന്നാംസ്ഥാനം എ ഗ്രേഡ് കരസ്ഥമാക്കിയത്. കലഞ്ഞൂർ ഗവൺമെന്റ് എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിയാണ്.
റഫീക് അഹമ്മദിന്റെ "അമ്മത്തൊട്ടിൽ' എന്ന കവിതയെ അടിസ്ഥാനപ്പെടുത്തി അമ്മയെ ഉപേക്ഷിക്കാൻ പോകുന്ന മകന്റെ ആത്മസംഘർഷമാണ് മോണോആക്ട് മത്സരത്തിനു പ്രമേയമായി ഗിരിധർ അവതരിപ്പിച്ചത്. കലഞ്ഞൂർ സ്കൂളിലെ അധ്യാപകൻ കൂടിയായ അച്ഛൻ പ്രദീപ് കുമാറാണ് വിഷയം തെരഞ്ഞെടുത്തു പരിശീലിപ്പിച്ചത്. നാലാം ക്ലാസു മുതൽ മോണോആക്ടിൽ പങ്കെടുക്കുന്ന ഗിരിധർ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ കാസർഗോഡ് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയിരുന്നു. പുന്നല ജിവിഎച്ച്എസ്എസിലെ അധ്യാപിക പ്രീതയാണ് മാതാവ്. ഗൗരി കല്യാണി സഹോദരിയാണ്.