സ്കൂൾ, ഓഫീസ് സമയങ്ങളിൽ എംസി റോഡിൽ ഓർഡിനറി ബസുകൾ ഇല്ല
1226319
Friday, September 30, 2022 10:49 PM IST
അടൂർ: എംസി റോഡിൽ ബസില്ലാതെ യാത്രക്കാർ വലയുന്നു. കെഎസ്ആർടിസി ബസുകളെ മാത്രം ആശ്രയിച്ചാണ് എംസി റോഡിലെ യാത്ര. എന്നാൽ അടൂർ- പന്തളം റൂട്ടിൽ ഓർഡിനറി സർവീസുകൾ കുറയ്ക്കുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു. ഓഫീസ്, സ്കൂൾ സമയങ്ങളിലാണ് യാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്നത്.
രാവിലെ 8.20 കഴിഞ്ഞാൽ 9.25ന് മാത്രമാണ് അടൂരിൽ നിന്നു പന്തളം വഴി തിരുവല്ലയ്ക്ക് ഓർഡിനറി സർവീസുള്ളത്. ഇതുകാരണം പന്തളത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളും മറ്റ് ജീവനക്കാരും ഏറെ ബുദ്ധിമുട്ടുകയാണ്. കൺസഷൻ കാർഡ് എടുത്തിട്ടും വിദ്യാർഥികൾക്കു ഫാസ്റ്റിനും സൂപ്പർഫാസ്റ്റിനും കയറിയെങ്കിലേ സമത്ത് ക്ലാസിൽ എത്താൻ കഴിയൂ.
എന്നാൽ 9.40നു ശേഷം നിരവധി ഓർഡിനറി ബസുകൾ ഒരുമിച്ചു പോകുന്നതും കാണാം. അടൂരിനും പന്തളത്തിനും മധ്യേയുള്ള മറ്റ് സ്റ്റോപ്പുകളിൽ നിന്നു കയറേണ്ടവരാണ് ഏറെ ബുദ്ധിമുട്ടുന്നത്.
ബസ് സ്റ്റാൻഡുകളിൽ നിന്നു നിറയെ യാത്രക്കാരുമായി പുറപ്പെടുന്ന ബസുകളിൽ മറ്റ് സ്റ്റോപ്പുകളിൽ നിന്നു യാത്രക്കാരെ കയറ്റാൻ പറ്റാത്ത അവസ്ഥയാണ്. 8.30നും 9.15നും മധ്യേ അടൂരിൽ നിന്നു പന്തളം ഭാഗത്തേക്ക് കൂടുതൽ ഓർഡിനറി സർവീസുകൾ നടത്തണമെന്നാവശ്യം ഉയരുന്നുണ്ട്.
രാവിലെ ഓഫീസ് സമയത്ത് മറ്റ് ഉൾപ്രദേശങ്ങളിലേക്ക് കൂടുതൽ സർവീസ് നടത്തേണ്ടതുണ്ടെന്നും ഇതാണ് എംസി റോഡിൽ സർവീസുകൾ കുറയാൻ കാരണമെന്നും കെഎസ്ആർടിസി അധികൃതർ പറയുന്നു.