സി.വി. പദ്മരാജൻ ജന്മനാടിന്റെ വികസനത്തിന് മുഖ്യപ്രാധാന്യം നൽകിയ നേതാവ്
1576550
Thursday, July 17, 2025 6:33 AM IST
പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: ജന്മനാടായ ചാത്തന്നൂർ നിയോജക മണ്ഡലത്തിന്റെ വികസനത്തിന് മുഖ്യ പ്രാധാന്യം നല്കിയ രാഷ്ട്രീയ നേതാവും ജനപ്രതിനിധിയുമായിരുന്നു മുൻ മന്ത്രിയും മുൻകെ പി സിസി പ്രസിഡന്റ് കൂടിയായിരുന്ന സി.വി. പദ്മരാജൻ. മികച്ച സഹകാരി എന്ന നിലയിലും പ്രവർത്തന മേഖലയിൽ കഴിവും മികവും പുലർത്തി.
1965 - ലെ തെരഞ്ഞെടുപ്പിൽ ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ നിന്നും മത്സരിച്ചെങ്കിലും ത്രികോണ മത്സരത്തിൽ കേരള കോൺഗ്രസുകാരനായിരുന്ന ചാത്തന്നൂർ എസ്. തങ്കപ്പൻ പിള്ളയോട് പരാജയപ്പെട്ടു. അന്ന് ആർക്കും ഭൂരിപക്ഷമില്ലാതിരുന്നതിനാൽ നിയമസഭ പിരിച്ചു വിട്ടു. പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് വേണ്ടി സി.വി. പദ്മരാജനും സിപിഐയിലെ പി. രവീന്ദ്രനുമാണ് ഏറ്റുമുട്ടിയത്. വിജയം ഓരോ തെരഞ്ഞെടുപ്പിലും ഇരുവരും പങ്കിട്ടെടുത്തു.
കോൺഗ്രസിൽ എന്നും ലീഡർ കെ. കരുണാകരന്റെ വിശ്വസ്തനായ അനുയായിരുന്നു സി.വി. പദ്മരാജൻ. മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന് മംഗലപുരംപള്ളിപ്പുറത്തു വച്ചുണ്ടായ അപകടത്തെ തുടർന്ന് അമേരിക്കയിൽ ചികിത്സയ്ക്ക് പോയപ്പോൾ അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം ഏല്പിച്ചത് സി.വി. പദ്മരാജനെ യായിരുന്നു.
അദ്ദേഹം ആക്ടിംഗ് മുഖ്യമന്ത്രിയായി ഭരണനിർവഹണം നടത്തി. കെ. കരുണാകരൻ ചികിത്സ കഴിഞ്ഞെത്തിയപ്പോൾ സന്തോഷത്തോടെ സ്ഥാനമൊഴിഞ്ഞു കൊടുക്കുകയും ചെയ്തു.
സി.വി. പദ്മരാജൻ കെ പി സി സി പ്രസിഡന്റായിരുന്നപ്പോഴാണ് കെപിസിസിയ്ക്ക് തിരുവനന്തപുരത്ത് സ്വന്തമായി ഒരു ആസ്ഥാന മന്ദിരം നിർമിച്ചത്.
ചാത്തന്നൂരിൽ നിന്നും ജയിച്ച് നിയമസഭയിലെത്തിയ സി.വി. പദ്മരാജന് ആദ്യ തവണ തന്നെ മന്ത്രി സ്ഥാനവും ലഭിച്ചു. ഗ്രാമവികസന - സാമൂഹ്യക്ഷേമ മന്ത്രിയായിട്ടായിരുന്നു ചുമതല. ഈ കാലഘട്ടത്തിലായിരുന്നു ചാത്തന്നൂർ മണ്ഡലത്തിലുടനീളം വാർഡുകൾ തോറും അങ്കണവാടികൾ സ്ഥാപിക്കാൻ നടപടി എടുത്തത്. അത് വിജയത്തിലെത്തുകയും ചെയ്തു.
സി.വി. പദ്മരാജനെ പ്രതിപക്ഷം ട്രാൻസ്ഫോർമർ മന്ത്രി എന്ന് പരിഹസിച്ച ഒരു കാലഘട്ടവുമുണ്ടായിരുന്നു. അദ്ദേഹം വൈദ്യുതി വകുപ്പുമന്ത്രിയായിരുന്നപ്പോഴാണ് ചാത്തന്നൂരിൽ വൈദ്യുതി ഭവൻ നിർമിച്ചതും ഇലക്ട്രിക്കൽ ഡിവിഷനാക്കിയതും. മാത്രമല്ല വോൾട്ടേജ് ക്ഷാമം പരിഹരിക്കാനായി ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ വ്യാപകമായി ട്രാൻസ്ഫോമറുകൾ സ്ഥാപിക്കുകയും ചെയ്തു.
ധനകാര്യ വകുപ്പിന്റെ ചുമതല വഹിച്ചിരുന്നപ്പോഴാണ് അദ്ദേഹം പരവൂരിൽ സബ്ട്രഷറി അനുവദിച്ചത്. കൂടാതെ നിയോജക മണ്ഡലത്തിലെപരവൂരിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും ഫയർ സ്റ്റേഷനും സ്ഥാപിച്ചു. പരവൂരിൽ കോടതി സ്ഥാപിക്കാനായി ഏറ്റവുമധികം ശ്രമിച്ചതും അദ്ദേഹമായിരുന്നു. ജനപ്രതിനിധിയും അധികാരമുള്ള രാഷ്ട്രീ യക്കാരനുമായിരുന്ന സമയത്തും സാഹചര്യത്തിലും നിയോജക മണ്ഡലത്തിന്റെയും ജന്മനാടായ പരവൂരിന്റെയും വികസനത്തിനായി അക്ഷീണം പ്രവർത്തിച്ച നേതാവായിരുന്നു അദ്ദേഹം.
പരവൂർ എസ്എൻവി ആർസി ബാങ്കിലെ ഡയറക്ടർ ബോർഡംഗമായി സഹകരണ മേഖലയിൽ പ്രവർത്തിച്ചു തുടങ്ങിയ അദ്ദേഹം കേരളത്തിലെ ഏറ്റവും മികച്ച സഹകാരികളിൽ പ്രമുഖനായിരുന്നു. കൊല്ലം റൂറൽ ബാങ്കിൽ ദീർഘകാലം പ്രസിഡന്റായിരുന്ന അദ്ദേഹം ഈ സ്ഥാപനത്തിനെ കേരളത്തിലെ ഏറ്റവും വലിയ സഹകരണ ധനകാര്യ സ്ഥാപനമായി വളർത്തിയെടുത്തു.
വാർധക്യ സഹജമായ അസ്വസ്ഥതകളെ തുടർന്ന് മാസങ്ങൾക്ക് മുമ്പാണ് അദ്ദേഹം ഈ സ്ഥാപനത്തിന്റെ പ്രസിഡന്റ് സ്ഥാനത്തു നിന്നും സ്വയം ഒഴിഞ്ഞത്. ചാത്തന്നൂർ നിയോജക മണ്ഡലത്തിന്റെ വികസനകാര്യങ്ങളിൽ നിർണായക പങ്കുവഹിച്ച ജനകീയ നേതാവായിരുന്നു സി.വി. പദ്മരാജൻ.