അനസ്റ്റിന് അഭിനന്ദന പ്രവാഹം
1576544
Thursday, July 17, 2025 6:33 AM IST
അഞ്ചല്‍ : ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിലുണ്ടായ തീപിടിത്തം അവസരോചിതമായ ഇടപെടലിലൂടെ ഒഴിവാക്കി വന്‍ ദുരന്തം ഇല്ലാതാക്കിയ അഞ്ചല്‍ പുത്തയം സ്വദേശി അനസ്റ്റിന് അയൂബിന് അഭിനന്ദന പ്രവാഹം. സംഭവം ദൃശ്യമാധ്യമങ്ങളിലൂടെ പുറത്തു വന്നതോടെ ചൊവ്വാഴ്ച രാത്രിയില്‍ തന്നെ എഐവൈഎഫ് അഞ്ചല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനസ്റ്റിന്റെ വീട്ടില്‍ എത്തി അനുമോദിച്ചു.
സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ലിജു ജമാല്‍ പൊന്നാടയണിച്ചു അനുമോദിച്ചു. സിപിഐ, എഐവൈഎഫ് നേതാക്കളായ ദിലീപ്, നിഷാദ്, എം.ബി. നസീർ, ആദർശ് സതീശൻ, പി .അജിത്ത്, എസ്. ആരോമൽ, അനീഷ് പെരുമണ്ണൂർ, അനസ് എന്നിവര്‍ നേതൃത്വം നല്കി.
ബുധനാഴ്ച ഉച്ചയോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനസ്റ്റിന്റെ പുത്തയത്തെ വീട്ടില്‍ എത്തി അനുമോദനവും അഭിനന്ദനവും അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഡോ. നാദിയ.എസ്.ജലീല്‍, മാഹീന് കാട്ടുംപുറം, അന്‍ഷാദ് പുത്തയം, കോണ്‍ഗ്രസ് നേതാക്കളായ കെ.ജി. സാബു, എച്ച്. സുനില്‍ ദത്ത്, മനാഫ് എന്നിവര്‍ പങ്കെടുത്തു.
അനസ്റ്റിന് ബസിലെ തീ അണയ്ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുകയും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയും വിവിധ ഇടങ്ങളില്‍ നിന്നും ഫോണ്‍ വഴിയും നേരിട്ടും അഭിനന്ദന പ്രവാഹമാണ്. വരും ദിവങ്ങളില്‍ കൂടുതല്‍ സംഘടനകള്‍ അനസ്റ്റിനെ അനുമോദിക്കുന്നതിനായി പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.
അപ്പോള്‍ മനസില്‍ തോന്നിയത് ചെയ്യുകയായിരുന്നുവെന്നും അഭിനന്ദനത്തിനും അനുമോദനങ്ങള്‍ക്കും നന്ദി ഉണ്ടെന്നും അനസ്റ്റിന് പ്രതികരിച്ചു. ചൊവ്വാഴ്ചയാണ് അഞ്ചലില്‍ മിനി സിവില്‍ സ്റ്റേഷന് സമീപത്ത് വച്ച് ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിക്കുന്നത്.
പിന്നാലെ ബൈക്കില്‍ എത്തിയ അനസ്റ്റിനും ഭാര്യ ഷംനയും തീ ശ്രദ്ധയില്‍പ്പെട്ടത്തിനെ തുടര്‍ന്നു ബസ് തടഞ്ഞുനിര്‍ത്തി വിവരം പറയുകയും ബസിലുള്ളവരെ സുരക്ഷിതമായി ഇറക്കിയ ശേഷം തൊട്ടടുത്ത പെട്രോള്‍ പമ്പില്‍ നിന്നും എത്തിച്ച ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പോലീസും ഫയര്‍ ഫോഴ്സും അനസ്റ്റിന് അഭിനന്ദനം അറിയിച്ചാണ് മടങ്ങിയത്.