നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെച്ചത് കേരളത്തിന് ആശ്വാസമായി: ചാണ്ടി ഉമ്മൻ എംഎൽഎ
1576547
Thursday, July 17, 2025 6:33 AM IST
ചവറ : നിമിഷപ്രിയയുടെ വധശിക്ഷ അവസാന നിമിഷം മാറ്റിവയ്ക്കാൻ സാധിച്ചത് കേരളത്തിന് വലിയ ആശ്വാസമായെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ . തേവലക്കര സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കൽ പത്തൊമ്പതാം വാർഡ് മഹാത്മാഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിമിഷ പ്രിയയുടെ മോചനം ഉമ്മൻചാണ്ടിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നുവെന്നും ശബ്ദ തടസം മൂലം സംസാരിക്കാൻ ഏറെ പ്രയാസപ്പെട്ടിട്ടും അദ്ദേഹം നിമിഷ പ്രിയയുടെ മോചനത്തിനു വേണ്ടി അവസാന നിമിഷവും പരിശ്രമിച്ചുവെന്നും ചാണ്ടി ഉമ്മൻ എംഎൽഎ അനുസ്മരിച്ചു .
ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികം നാളെ രാവിലെ 10. 30 ന് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യുമെന്നും ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ഭവനരഹിതർക്ക് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനവും വിവിധ സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക് തുടക്കവും കുറിക്കുമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
സ്വാതന്ത്ര്യസമര സേനാനി ബാരിസ്റ്റർ എ .കെ. പിള്ള നഗറിൽ നടന്നകുടുംബ സംഗമത്തിൽ പാലയ്ക്കൽ വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഐ .വഹാബ് അധ്യക്ഷനായി . കെപിസിസി സെക്രട്ടറി അഡ്വ. പി .ജർമിയാസ് മുഖ്യപ്രഭാഷണം നടത്തി.
ഡിസിസി ജനറൽ സെക്രട്ടറി വിഷ്ണു വിജയൻ, കോൺഗ്രസ് ചവറ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ആർ. ജയകുമാർ, നോർത്ത് മണ്ഡലം പ്രസിഡന്റ് കോണിൽ രാജേഷ്, പാലയ്ക്കൽ ഗോപൻ, എസ്.അനിൽ, ശിവപ്രസാദ് കോയിവിള, ജോയ്മോൻ അരിനല്ലൂർ, രാജൻ അമ്പലത്തിന്റെ വടക്കതിൽ, ആർ രാധാകൃഷ്ണപിള്ള, റിയാസ് ഖാൻ എന്നിവർ പ്രസംഗിച്ചു.