പോളച്ചിറയിൽ ജലസേചനം കാര്യക്ഷമമാക്കാൻ പദ്ധതി
1576545
Thursday, July 17, 2025 6:33 AM IST
ചാത്തന്നൂർ:പോളച്ചിറ ഏലായിലെ ജലസേചന സൗകര്യങ്ങൾ കാര്യക്ഷമമാക്കി ഏലാ നവീകരിക്കുന്നതിന്റെ ഭാഗമായി വിശദ പദ്ധതിരേഖ (ഡിപിആർ ) തയാറാക്കാൻ ചിറക്കര കൃഷിഭവനിൽ ചേർന്ന ജനപ്രതിധികളുടേയും പാടശേഖരസമിതി ഭാരവാഹികളുടേയും വകുപ്പ് ഉദ്യോഗസ്ഥരുടേയും യോഗത്തിൽ തീരുമാനമായി.പ്രധാൻ മന്ത്രി കിസാൻ സിഞ്ചായി യോജന, ഘർഖേത്ത് കോ പാനി ( വയലേലകളിൽ ജലസേചന സൗകര്യം) പദ്ധതികൾ പ്രയോജനപ്പെടുത്തും വിധമുള്ള പദ്ധതി രേഖയാണ് തയാറാക്കുന്നത്.
എൻ.കെ.പ്രേമചന്ദ്രൻ എംപി യുടെ നിർദേശാനുസരണം ചേർന്ന യോഗത്തിലാണ് തീരുമാനം. പോളച്ചിറയിൽ പുഞ്ച കൃഷി ചെയ്യുന്നതിന് ജലസേചനം ക്രമീകരിക്കേണ്ടതിന്റെ ആവശ്യകത കർഷകർ യോഗത്തിൽ ചൂണ്ടിക്കാട്ടി.
നടുത്തോട് ആഴവും വീതിയും കൂട്ടി വശങ്ങൾ ബലപ്പെടുത്തണം. പൊടിവിത അവലംബിക്കുന്ന ഇവിടെ ജലലഭ്യത ഉറപ്പാക്കുന്നതിനായി തലച്ചിറയിൽ നിന്നുള്ള വെള്ളം പ്രയോജനപ്പെടുത്തണം. തലച്ചിറയിൽ ഷട്ടറുകൾ സ്ഥാപിച്ച് നീർച്ചാലുകളിലൂടെ ആവശ്യാനുസരണം വെള്ളം എത്തിക്കാൻ കഴിയണം. വടക്കേ പമ്പ്ഹൗസ്, എസ്എൻ സെൻട്രൽ സ്കൂളിന് സമീപം തുടങ്ങി പുറം ബണ്ടുകൾ ബലപ്പെടുത്തണം.
പോളച്ചിറയിലേക്കുള്ള നീർച്ചാലുകൾ വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കേണ്ടതുണ്ട്. തെക്കേ പമ്പ്ഹൗസിൽ നിന്നുള്ള വെള്ളം തടസമില്ലാതെ ഇത്തിക്കരയാറ്റിലേക്ക് ഒഴുക്കുന്നതിന് മീനാട് പി ഡബ്ല്യുഡി റോഡിന് സമീപം കൽവെർട്ടുകൾ സ്ഥാപിക്കണം. വടക്കേ പമ്പ്ഹൗസിൽ വെർട്ടിക്കൽ ആക്സിൽ പമ്പ് സ്ഥാപിക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ യോഗം മുന്നോട്ട് വച്ചു.
ഉയർന്ന് വന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ നിന്ന് അടുത്ത ദിവസങ്ങളിൽ തന്നെ എസ്റ്റിമേറ്റ് തയാറാക്കും. എസ്റ്റിമേറ്റ് ആധാരമാക്കിയുള്ള വിശദപദ്ധതി രേഖയാണ് തയാറാക്കുക. പദ്ധതിരേഖ തയാറാകുന്ന മുറയ്ക്ക് എംപി വഴി കേന്ദ്രസർക്കാരിന് സമർപ്പിക്കും.
യോഗത്തിൽ ചിറക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സജില യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് കെ.സുജയ്കുമാർ, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ പി. സുചിത്ര, സുരേന്ദ്രൻ, ചാത്തന്നൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീവൽസ പി. ശ്രീനിവാസൻ, കൃഷി അസിസ്റ്റന്റ് എൻജിനീയർ ദീപ്തി എസ് നായർ, ഓവർസിയർ ജെ.ജെ. പ്രീത, കൃഷി ഓഫീസർ ശിൽപ്പ , പാടശേഖര സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.