എന്‍സിസി വാര്‍ഷിക പരിശീലന ക്യാമ്പ് അഞ്ചല്‍ സെന്റ് ജോണ്‍സ് സ്കൂളിൽ
1576546
Thursday, July 17, 2025 6:33 AM IST
അഞ്ചല്‍ : കൊട്ടാരക്കര എന്‍സിസി കേരള ബറ്റാലിയന് - ഒന്പതിന്റെ വാര്‍ഷിക പരിശീലന ക്യാമ്പ് അഞ്ചല്‍ സെന്റ് ജോണ്‍സ് സ്കൂളില്‍ ആരംഭിച്ചു. കുട്ടികള്‍ക്ക് പട്ടാള പരിശീലനത്തിനു പുറമേ കേഡറ്റുകള്‍ക്ക് വ്യക്തിത്വ വികസനം, അത്മവിശ്വാസം, നേതൃത്വഗുണം, സേവന സന്നദ്ധത, യോഗ, തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍ നടത്തുന്നു. ഡല്‍ഹിയില്‍ സൈനിക ക്യാമ്പിൽ പങ്കെടുക്കാന്‍ വേണ്ടിയുള്ള ഇന്റര്‍ ഗ്രൂപ്പ് കോമ്പറ്റിഷനു വേണ്ടിയുള്ള പ്രാക്ടീസും ഈ ക്യാമ്പില്‍ നടക്കും.
നല്ല പൗരന്മാരായി മാറേണ്ടതിന്റെ ആവശ്യകതയും, സഹിഷ്ണുതാ മനോഭാവവും, സാമൂഹിക തല്പ്പരതയും വളര്‍ത്തിയെടുക്കുന്നതിന് ക്യാമ്പ് പരിശീലനം സഹായിക്കും. കേരള ബറ്റാലിയന് എന്‍സിസിയുടെ ക്യാമ്പ് കമാണ്ടന്റ് കേണല്‍ ജിനു തങ്കപ്പന്, ലെഫ്റ്റനന്റ് കേണല്‍ കെ.എസ്.വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ ക്യാമ്പില്‍ കൊല്ലം, പത്തനംതിട്ട,
ആലപ്പുഴ ജില്ലകളിലെ വിവിധ സ്കൂളുകളില്‍ നിന്നും കോളജുകളില്‍ നിന്നുമായി 600 ല്‍ അധികം എന്‍സിസി കേഡറ്റുകളും അസോസിയേറ്റ് എന്‍സിസി ഓഫീസര്‍മാരും, പിഐ സ്റ്റാഫും ജിസിഐ, സിവിലിയന്‍ സ്റ്റാഫും പങ്കെടുക്കുന്നു. ക്യാമ്പ് 20ന് സമാപിക്കും.