സൈബര്‍ തട്ടിപ്പുകാരുടെ പിടിയിലായ വിഷ്ണുവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു
1576549
Thursday, July 17, 2025 6:33 AM IST
കൊല്ലം: മ്യാന്മാറില് സൈബര്‍ തട്ടിപ്പുകാരുടെ പിടിയില്‍ അകപ്പെട്ട കൊല്ലം സ്വദേശി വിഷ്ണുവിനെ നാട്ടിലേയ്ക്ക് എത്തിക്കാ നുളള നടപടികള്‍ ബാങ്കോക്കിലെ ഇന്ത്യന്‍ എംബസി ത്വരിതപ്പെടുത്തി വരികയാണെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി അറിയിച്ചു. തായ്ലന്ഡില് നിലവിലുളള നിയമവ്യവസ്ഥ പ്രകാരം വിഷ്ണു തായ്ലൻഡില് 15 ദിവസം അധികമായി താമസിച്ചിരുന്നു.
നിയമവ്യവസ്ഥ ലംഘിച്ചതിനാല്‍ നിലവിലുളള പ്രാദേശിക നിയമപ്രകാരം ജൂലൈ ഒൻപതിന് വിഷ്ണുവിനെ എമിഗ്രേഷന്‍ അധികൃതർ പിടികൂടി മേസോട്ടിലെ കോടതിയില്‍ ഹാജരാക്കുകയാണ് ഉണ്ടായത്. വിഷ്ണുവിനെ നാട്ടിലേക്ക് മടക്കി അയക്കുന്നതിനായി ഇപ്പോൾ ബങ്കോക്കിലെ ഇമിഗ്രേഷന്‍ ഡിറ്റെന്‍ഷന്‍ സെന്ററിലേയ്ക്ക് മാറ്റുന്നതിനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
വിഷ്ണുവിനെ എത്രയും പെട്ടെന്ന് നാട്ടിലേക്ക് മടക്കി അയക്കുവാന്‍ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യന്‍ എംബസി തായ്ലൻഡ് അധികാരികളോട് ആവശ്യപ്പെട്ടുണ്ട്. മടക്കി അയക്കുന്നതിനുളള നടപടികള്‍ ഊര്‍ജിതപ്പെടുത്തുന്നതിനായി വിഷ്ണുവിന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടു വരുന്നതായി ബാങ്കോക്ക് ഇന്ത്യന്‍ എംബസി അംബാസഡര്‍ നാഗേഷ് സിംഗ് രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും എന്‍.കെ. പ്രേമചന്ദ്രന് എംപി അറിയിച്ചു.