കേരളത്തില്‍ ഏറ്റവും കൂടുതല്‍ മരച്ചീനി കൃഷി ജില്ലയില്‍
1576543
Thursday, July 17, 2025 6:33 AM IST
കൊല്ലം: മരച്ചീനിയുടെ നാട്ടുരുചി പെരുമയിലാണ് കൊല്ലം. കൃഷി വകുപ്പിന്റെ പരിശ്രമങ്ങള്‍ കൊല്ലത്തെ മരച്ചീനിയുടെ തലസ്ഥാനമാക്കി മാറ്റിയിരിക്കുകയാണ്. 10488.83 ഹെക്ടര്‍ സ്ഥലത്ത് കൃഷിയിലൂടെ 391224 ടണ്‍ മരച്ചീനിയാണ് ജില്ലയിൽ ഉദത്പാദിപ്പിക്കപ്പെടുന്നത്.
ചടയമംഗലം, കൊട്ടാരക്കര, വെട്ടിക്കവല, പത്തനാപുരം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ മരച്ചീനിയും കിഴങ്ങുവര്‍ഗങ്ങളും കൃഷിചെയ്ത് വരുന്നത്. കൊല്ലത്തിന്റെ ഭൂപ്രകൃതി അനുസരിച്ചുള്ള വെട്ടുകല്‍ മണ്ണ്, മണല്‍കലര്‍ന്ന മണ്ണ്, നീര്‍വാര്‍ച്ചയുള്ള മണ്ണ്, നല്ല ചൂടും സൂര്യപ്രകാശവുമുള്ള കാലാവസ്ഥ - മരച്ചീനിവിളവിന് തികച്ചും അനുയോജ്യമെന്നാണ് കാർഷിക വിദഗ്ധർ പറയുന്നത്.
എച്ച്165, എം - 4, ശ്രീഹര്‍ഷ, ശ്രീവിജയ, ശ്രീ വിശാഖം തുടങ്ങിയ മരച്ചീനി ഇനങ്ങളാണ് കൂടുതലായും കൃഷിചെയ്യപ്പെടുന്നത്. ഉല്പാദനശേഷിയുള്ള സങ്കരയിനം മരച്ചീനിയായ എച്ച്165 ആവട്ടെ എട്ടു മുതൽ ഒൻപത് മാസത്തിനുള്ളില്‍ പാകമാകും. 33 മുതല്‍ 38 ടണ്‍ വരെയാണ് വിളവ്. 10 മാസത്തിനുള്ളില്‍ വിളവെടുക്കാന്‍ കഴിയുന്നതാണ് എം - 4 ഇനത്തിന്റെ സ്വീകാര്യതയ്ക്ക് പിന്നിലുള്ളത്.
മരച്ചീനി ഇനമായ ശ്രീഹര്‍ഷ 10 മാസത്തിനുള്ളില്‍ പാകമാകുന്നവയും ഒരു ഹെക്ടറില്‍ നിന്ന് 35 മുതല്‍ 40 ടണ്‍ വരെ വിളവെടുക്കാന്‍ കഴിയുന്നവയുമാണ്. ശ്രീ വിജയയില്‍ സയനൈഡിന്റെ അളവ് വളരെ കുറവാണ്. 25 മുതല്‍ 28 ടണ്‍ വരെ ഒരു ഹെക്ടറില്‍ വിളവെടുക്കാന്‍ കഴിയുന്നതും പ്രത്യേകതയാണ്.
അത്യുത്പാദനശേഷിയുള്ളതും 10മാസം കൊണ്ട് വിളവെടുക്കാന്‍ കഴിയുന്നതുമായ മരച്ചീനിയിനമാണ് ശ്രീവിശാഖം. മൊസൈക് രോഗത്തെ അതിജീവിക്കാന്‍ അവക്ക് ശേഷിയുണ്ട്. 35 മുതല്‍ 36 ടണ്‍ വരെ ഒരു ഹെക്ടറില്‍ നിന്നും വിളവ് ലഭിക്കും. ചെറുകിട കര്‍ഷകര്‍ മുതല്‍ കുടുംബശ്രീ ജെഎല്‍ജി ഗ്രൂപ്പുകള്‍ വരെയുള്ളവരാണ് മരച്ചീനികൃഷിയില്‍ ഏര്‍പ്പെടുന്നത്.
ഒരു ഹെക്ടറിലെ കൃഷിയില്‍നിന്ന് ഏകദേശം ഒരു ലക്ഷം മുതല്‍ രണ്ടു ലക്ഷം രൂപ വരെ ലാഭമാണ് ലഭ്യമാകുന്നത്. മരച്ചീനിയുടെ മൂല്യവര്‍ധിത സാധ്യതകള്‍ ഫലപ്രദമായി വിനിയോഗിക്കപ്പെടുന്നുമുണ്ട്. ചിപ്സ്, മാവ്, സ്റ്റാര്‍ച്ച്, പായസം മിക്സ്, ബേക്കറി ഉല്‍പ്പന്നങ്ങള്‍, അനിമല്‍ഫീഡ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്. കപ്പപ്പൊടി, കപ്പമുറുക്ക്, കപ്പഉപ്പേരി തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കും വിറ്റുവരവുണ്ട്.
ചേനയില്‍ നിന്ന് ചിപ്സ്, അട, മാവ്, റെഡി ടു കുക്ക് ചേന എന്നിവയും ചേമ്പില്‍ നിന്ന് ചിപ്സ്, മധുരക്കിഴങ്ങില്‍ നിന്ന് ചിപ്സ് എന്നിവയും വ്യത്യസ്ത രുചികളായെത്തുന്നു. വരുമാനത്തിനൊപ്പം സ്ത്രീ ശാക്തീകരണവും സ്വയംതൊഴില്‍ അവസരങ്ങളും മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ നിർമാണം ഉറപ്പാക്കുന്നു.
മരച്ചീനി കര്‍ഷകരെ സഹായിക്കുന്നതിനായി കൃഷിവകുപ്പ് സബ്സിഡി, കുടുംബശ്രീ പരിശീലനത്തോടൊപ്പം സാമ്പത്തിക പിന്തുണയും നിര്‍മാണ പരിശീലനങ്ങളും നല്കി വരുന്നുണ്ട്. കുറഞ്ഞചെലവില്‍ കൃഷിചെയ്യാന്‍ കഴിയുന്നതിനോടൊപ്പം മികച്ചവരുമാനവും ലഭിക്കുന്നത് കൊണ്ടാണ് കൂടുതല്‍ പേരും മരച്ചീനി കൃഷിയിലേക്ക് കടക്കുന്നത് എന്നാണ് അനുഭവസാക്ഷ്യങ്ങള്‍.
2835 ഹെക്ടര്‍ സ്ഥലത്താണ് ഇതര കിഴങ്ങുവര്‍ഗവിളകളുടെ കൃഷി. നാളികേരം, വാഴ, പച്ചക്കറി, സുഗന്ധവിളകള്‍, ഫലവൃക്ഷവിളകള്‍ തുടങ്ങിയവയും ജില്ലയുടെ വിവിധ ഭാഗങ്ങളിലായി കൃഷി ചെയ്യുന്നുണ്ട്. ചേന, ചേമ്പ്, കാച്ചില്, കൂവ, മധുരക്കിഴങ്ങ്, നനകിഴങ്ങ് തുടങ്ങിയവയും കൃഷിപട്ടികയിലുണ്ട്.
ശ്രീകീര്‍ത്തി, ശ്രീരൂപ, ശ്രീപ്രിയ, ഇഛ1 എന്നീ ഇനങ്ങളിലുള്ള ചേന വർഗങ്ങളും കൂടുതലായുണ്ട്. ചേന കൃഷിയിലും മുന്നിലാണ് കൊല്ലം. കുറഞ്ഞ കൃഷിചെലവും നല്ലവരുമാന സാധ്യതയുമുള്ള ചേമ്പിനങ്ങളായ താമരചേമ്പ്, മഞ്ഞപ്പന്‍, ശ്രീരശ്മി തുടങ്ങിയവയാണ് കൂടുതലും.
പുനലൂര്‍, കൊട്ടാരക്കര, അഞ്ചല്‍, ആര്യങ്കാവ്, കുണ്ടറ, പത്തനാപുരം, എന്നിവിടങ്ങളിലായി ശ്രീരൂപ, ലോക്കല്‍ പര്‍പ്പിള്‍ എന്നീ കാച്ചില് ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. ഇളമ്പല്‍, ചാത്തന്നൂര്‍, പുനലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പരിമിതമായി കൃഷി ചെയ്യപ്പെടുന്ന നനക്കിഴങ്ങിന്റെ ശ്രീലത, ശ്രീകല തുടങ്ങിയ ഇനങ്ങളാണ് ജില്ലയിലുള്ളത്.
ശ്രീഅരുണ്‍, ശ്രീകനക, ശ്രീവരുണ്‍ തുടങ്ങിയ മധുരക്കിഴങ്ങിനങ്ങളും കൃഷി ചെയ്തുവരുന്നു. വിറ്റാമിന്‍ എ യുടെയും ആന്റിഓക്സിഡന്റുകളുടെയും ഉറവിടമായ മധുരക്കിഴങ്ങില്‍ നിന്നും പല മൂല്യവര്‍ധിത ഉത്പന്നങ്ങളും നിര്‍മിക്കുന്നുണ്ടെന്ന് ജില്ലാ കൃഷി ഓഫീസര്‍ എം. എസ്. അനീസ പറഞ്ഞു.