ജില്ലയിൽ മൊബൈൽ എബിസി യൂണിറ്റ് ഈമാസം തുടങ്ങും
1574337
Wednesday, July 9, 2025 6:32 AM IST
കൊല്ലം: ജില്ലയിൽ മൃഗസംരക്ഷണ വകുപ്പ് ഈ മാസം അവസാത്തോടെ മൊബൈൽ എബിസി യൂണിറ്റ് ആരംഭിക്കും.യൂണിറ്റുകൾ നായ്ക്കളുടെ വന്ധ്യംകരണം ആവശ്യമുള്ള പ്രദേശങ്ങളിലേക്ക് എത്തും.
ജില്ലയിൽ നിലവിൽ പ്രവർത്തിച്ച് വരുന്ന എബിസി സെന്ററുകൾക്കെതിരേ വർധിച്ചുവരുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് മൃഗസംരക്ഷണ വകുപ്പിന്റെ നടപടി . ഇന്ത്യൻ ഇമ്യൂണോളജിക്കൽസ് ലിമിറ്റഡ് സിഎസ്ആർ ഫണ്ടുകൾ ഉപയോഗിച്ച് സംസ്ഥാന മൃഗസംരക്ഷണ വകുപ്പിനായി രണ്ട് പോർട്ടബിൾ എബിസി യൂണിറ്റുകൾക്കാണ് ധനസഹായം നൽകിട്ടുള്ളത്. ആദ്യ യൂണിറ്റ് തിരുവനന്തപുരത്തും രണ്ടാം യൂണിറ്റ് ജൂലൈ അവസാനത്തോടെ കൊല്ലത്തും പ്രവർത്തനം ആരംഭിക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷൈൻ കുമാർ പറഞ്ഞു.
ജില്ലയിലെ എബിസി സെന്ററുകൾ നിലവിൽ പ്രവർത്തനരഹിതമാണ്, മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള നായ്ക്കളെ വന്ധ്യംകരണത്തിനായി ഇവിടെ കൊണ്ടുവരുന്നുണ്ടെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. പോർട്ടബിൾ എബിസി സെന്റർ തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തി.
വാഹനത്തിൽ അഞ്ചു ദിവസം നിരീക്ഷിച്ച് പിടിച്ച സ്ഥലത്തു തന്നെ തുറന്നു വിടും. ഓരോ യൂണിറ്റിലും ഒരു എയർ കണ്ടീഷൻ ചെയ്ത ഓപറേഷൻ തിയേറ്ററും ശസ്ത്രക്രിയയ്ക്ക് ശേഷം നായ്ക്കളെ പാർപ്പിക്കുന്നതിനുള്ള കൂടുകളും ഉണ്ടാകും. ഒരു യൂണിറ്റിൽ ഒരു സമയം രണ്ട് നായ്ക്കളെ ശസ്ത്രക്രിയ ചെയ്യാൻ കഴിയും.
മൊബൈൽ യൂണിറ്റ് ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലാണ് പ്രവർത്തിക്കുക. യൂണിറ്റുകൾ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റുന്ന വാഹന ചെലവ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോ, ജില്ലാ പഞ്ചായത്തോ നൽകും. തദ്ദേശ ഭരണ സ്ഥാപനങ്ങൾ ആവശ്യപ്പെടുന്ന ദിവസങ്ങളിൽ സെന്റർ അവിടെ പ്രവർത്തിക്കും.
തെരുവുനായ്ക്കളുടെ എണ്ണം വർധിച്ചതും, പേവിഷ ബാധയേറ്റുള്ള മരണം കൂടിയതുമാണ് പദ്ധതി ആരംഭിക്കാൻ മൃഗസംരക്ഷണ വകുപ്പിനെ പ്രേരിപ്പിച്ച പ്രധാന ഘടകം.