മടത്തറ വളവുപച്ചയിൽ തെരുവ് നായയുടെ ആക്രമണം: മൂന്നു വയസുകാരിക്ക് ഗുരുതര പരിക്ക്
1574327
Wednesday, July 9, 2025 6:23 AM IST
അഞ്ചല്‍ : മടത്തറ വളവുപച്ചയിൽ തെരുവ് നായയുടെ ആക്രമണത്തിൽ മൂന്നു വയസുകാരിക്ക് ഗുരുതര പരിക്ക്. വളവുപച്ച മഹാദേവർകുന്ന് സ്വാദേശികളായ ഇർഷാദ് ഹന്ന ദമ്പതികളുടെ മകൾ ഇശലിനാണ് തെരുവ് നായയുടെ കടിയേറ്റത്.
മുഖത്ത് കടിയേറ്റ കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ വീട്ട് മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടിയെ നായ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളികേട്ട് ഓടിയെത്തിയ മാതാവിനെയും നായ ആക്രമിച്ചു.
നായയെ എറിഞ്ഞു ഓടിച്ച ശേഷമാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. അതേസമയം കുട്ടിയെ ആക്രമിച്ച നായ രാവിലെ മുതല്‍ പ്രദേശത്ത് നിരവധിപേരെ കടിച്ചതായി നാട്ടുകാര്‍ പറയുന്നു.
വിവരമറിയിച്ചിട്ടും പഞ്ചായത്തോ ആരോഗ്യവകുപ്പോ സ്ഥലത്തേക്ക് എത്തി നോക്കുക പോലും ഉണ്ടായില്ല. നായക്ക് പേ വിഷ ബാധയുണ്ടോ എന്ന് സംശയം നാട്ടുകാർക്കുണ്ട്. നാട്ടുകാര്‍ തല്ലിക്കൊന്ന നായയെ പിന്നീട് പേവിഷ ബാധയുണ്ടോ എന്നറിയുന്നതിനായി കൊല്ലത്തേക്ക് മാറ്റി.
വലിയരീതിയില്‍ തെരുവ് നായ ശല്യം ഉണ്ടാകുമ്പോഴും യാതൊരുവിധ നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകാത്തതിനെതിരെ വലിയ പ്രതിഷേധമാണ് മടത്തറ പ്രദേശത്ത് ഉയരുന്നത്.