കിഴക്കേകല്ലട മാർക്കറ്റ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന്
1573996
Tuesday, July 8, 2025 5:59 AM IST
കുണ്ടറ : കിഴക്കേകല്ലട മാർക്കറ്റ് റോഡിന്റെ ദുരവസ്ഥ കാണാതെ പഞ്ചായത്ത് ഭരണസമിതിയും സർക്കാരും.കിഴക്കേകല്ലട മാർക്കറ്റിനെയും കൊടുവിളയെയും ബന്ധിപ്പിക്കുന്ന കല്ലട മാർക്കറ്റ് റോഡ് സഞ്ചാര യോഗ്യമല്ലാതായിട്ട് വർഷങ്ങളായി.
കൊടുവിള വാർഡ്,കൊച്ചുപിലാമ്മൂട് വാർഡ്, താഴംവാർഡ്,ടൗൺവാർഡ് എന്നീ നാലു വാർഡുകളുടെ പരിധിയിലൂടെയാണ് ഈ റോഡ് കടന്നുപോകുന്നത്. . ധാരാളം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ മേഖലയിലെ പ്രധാന സഞ്ചാരപാത ഇതാണ്. സ്കൂൾബസുകളും, യാത്രാവാഹനങ്ങളൊന്നും ഇപ്പോൾ വരാറില്ല. രാത്രികാലങ്ങളിൽ എന്തെങ്കിലും അടിയന്തിര സാഹചര്യം ഉണ്ടായാൽ ആശുപത്രിയിലോ മറ്റോ പോകുന്നതിനു ഓട്ടോ പോലും വരാത്ത അവസ്ഥയാണ്.
കൊടുവിള, മൺട്രോത്തുരുത്ത്, ശിങ്കാരപള്ളി പ്രദേശ നിവാസികൾ കല്ലട മാർക്കറ്റിലും, ഭരണിക്കാവ് ,അടൂർ എന്നിവിടങ്ങളിലേക്ക് നിരന്തരം പോകാൻ ഉപയോഗിച്ച വഴി ഇതായിരുന്നു. ഇപ്പോൾ കിലോമീറ്ററുകൾ താണ്ടി ചുറ്റിക്കറങ്ങി പോകേണ്ട അവസ്ഥയാണ് .ഇതൊരു തുറസായ പ്രദേശം ആയതിനാൽ ലഹരി മാഫിയകളുടെ സങ്കേതമായി മാറി. പോലീസോ, എക്സൈസോ ഇവിടെ പട്രോളിങ്ങിനായി എത്താറില്ല. ജില്ലയുടെ നെല്ലറയായ കല്ലട പാടത്തിന്റെ മധ്യഭാഗത്തുകൂടിയാണ് റോഡ് കടന്നുപോകുന്നത്.
കർഷകർക്കാവശ്യമായ വിത്തും, വളങ്ങളും കൊണ്ടുവരാനും വിളവെടുപ്പ് സമയത്ത് യന്ത്രസാമഗ്രികൾ കൊണ്ടുവരുന്നതിനും വളരെയേറെ ബുദ്ധിമുട്ട് ഇപ്പോൾ അനുഭവിക്കുന്നു.
മുഖ്യമന്ത്രി മുതൽ എല്ലാ അധികാര കേന്ദ്രങ്ങളിലും നിവേദനം നൽകിയിട്ടും ചില സാങ്കേതിക തടസങ്ങൾ പറഞ്ഞ് അവർ ഒഴിഞ്ഞുമാറുകയായിരുന്നു.
ജനതാദൾ -എസ് കുന്നത്തൂർ മണ്ഡലം പ്രസിഡന്റ് സുരേഷ് ലോറൻസിന്റെയും, രഘുനാഥൻ പിള്ളയുടെയും നേതൃത്വത്തിൽ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചിട്ടും ഫലമുണ്ടായില്ല. അധികാരികൾ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധസമരം ഉണ്ടാകുമെന്ന് നാട്ടുകാർ പറഞ്ഞു .