മദ്യപാനത്തിനിടെ സുഹൃത്തിന്റെ കൊലപാതകം: പ്രതി കുറ്റക്കാരൻ, ശിക്ഷ ഇന്ന്
1573995
Tuesday, July 8, 2025 5:59 AM IST
കൊല്ലം: മദ്യപിക്കുന്നതിനിടെ വാക്ക് തർക്കത്തിൽ ഏർപ്പെട്ട് സുഹൃത്തിനെ കൊലപ്പെടുത്തുകയും മറ്റു മൂന്നു സുഹൃത്തുക്കളെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതിയെ കോടതി കുറ്റക്കാരൻ എന്ന് കണ്ടെത്തി.
ശിക്ഷ ഇന്ന് വിധിക്കും. അമ്പലപ്പുഴ മണ്ണാഞ്ചേരി മുറിയാക്കൽ വീട്ടിൽ അനൂപിനെയാണ് (35 ) കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജ് സി.എം സീമ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി.വിനോദ് ഹാജരായി.
ചേർത്തല തുറവൂർ പള്ളിത്തോട് കളത്തിൽ വീട്ടിൽ ജൻസൺ എന്നു വിളിക്കുന്ന പീറ്റർ ആണ് കൊല്ലപ്പെട്ടത്. കൊട്ടാരക്കര പടിഞ്ഞാറെ തെരുവിൽ സജിവിലാസം വീട്ടിൽ അജി, ചേർത്തല കുത്തിയതോട് പള്ളിത്തോട് പരുത്തി വീട്ടിൽ ബെൻസിലാൽ, പട്ടാഴി വടക്കേക്കര ഏറത്ത് വടക്ക് അഖിൽ നിവാസിൽ അരുൺരാജ് എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്.
2016 ഓഗസ്റ്റ് 20 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പട്ടാഴിയിലെ ടൈൽസ് വർക്കിന്റെ കോൺട്രാക്ടറായ ശിവൻകുട്ടിയുടെ തൊഴിലാളികൾ ആയിരുന്നു പ്രതിയും മരണപ്പെട്ട ജെൻസണും മറ്റു മൂന്നുപേരും. ശിവൻകുട്ടി എടുത്തു നൽകിയ വീട്ടിലായിരുന്നു എല്ലാവരും താമസിച്ചു വന്നിരുന്നത്. സംഭവ ദിവസം രാത്രി പത്തോടെ അഞ്ചുപേരും ചേർന്ന് വാടകവീട്ടിൽ ഇരുന്ന് മദ്യപിച്ച് കാരംസ് കളിക്കുന്നതിനിടെ പ്രതി അനൂപിന് ഫോൺ വന്നതോടെയാണ് സംഭവം തുടങ്ങിയത്.
ഫോൺ അറ്റൻഡ് ചെയ്യുന്നതിനായി അനൂപ് മറ്റുള്ളവരോട് വീടിനു പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. മറ്റുള്ളവർ നിരസിച്ചതിനെ തുടർന്ന് ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന മടക്ക്കത്തി എടുത്ത് അജിയെ നെഞ്ചിൽ കുത്തുകയും തുടർന്ന് തടസം പിടിക്കാൻ എത്തിയ ജെൻസൺ, അരുൺരാജ്, ബെൻസിലാൽ എന്നിവരെ നെഞ്ചിലും, വയറിലുമായി കുത്തുകയായിരുന്നു.
കുത്തുകൊണ്ട നാലു പേരെയും അടൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലും ചികിത്സയ്ക്കായി കൊണ്ടുപോകുകയായിരുന്നു.
ചികിത്സയിലിരിക്കെ ഓഗസ്റ്റ് 24 ന് രാവിലെ ജെൻസൺ മരണപ്പെട്ടു. മരണാസന്നനായി കഴിയുന്ന അരുൺരാജിന്റെ മരണമൊഴി മജിസ്ട്രേറ്റ് ആശുപത്രിയിൽ വച്ച് രേഖപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് മരണത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.
പത്തനാപുരം പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന രാഹുൽ രവീന്ദ്രൻ രജിസ്റ്റർ ചെയ്ത കേസിൽ പത്തനാപുരം സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന റജി വർഗീസ് അന്വേഷണം നടത്തി പിന്നീട് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന ബിനു വർഗീസാണ് കുറ്റപത്രം സമർപ്പിച്ചത്.