വീടുകയറി അക്രമം: പ്രതിയെ പോലീസ് പിടികൂടുന്നില്ലെന്ന് പരാതി
1574005
Tuesday, July 8, 2025 5:59 AM IST
പരവൂർ : കോട്ടപ്പുറം പുത്തൻ വീട്ടിൽ തെക്കതിൽ വിനോദിന്റെവീട്ടിലും പുരയിടത്തിലും അക്രമം നടത്തിയ പ്രതിയെ പോലീസ് പിടികൂടുന്നില്ലെന്ന് പരാതി.അയൽവാസിയുടെ ബന്ധുവാണ് അക്രമം നടത്തിയത്.
പുരയിടത്തിൽ നിന്ന മുരിങ്ങമരം ഇവരുടെ വീട്ടിലേക്ക് ചാഞ്ഞു നിൽക്കുന്നു എന്നാരോപിച്ചു കൊണ്ടാണ് പ്ലാവ്, മാവ് ഉൾപ്പെടെയുള്ള ഫലവൃക്ഷങ്ങളും മഹാഗണി, മാഞ്ചിയം തുടങ്ങിയ വൃക്ഷങ്ങളും ഇയാൾ യാതൊരു പ്രകോപനവും ഇല്ലാതെ വെട്ടിനശിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
വിനോദ് തന്റെ വീട് മറ്റൊരാൾക്ക് വാടകയ്ക്ക് നല്കിയിരിക്കുകയാണ്.വീട്ടിലെ താമസക്കാരും ഇല്ലാതിരുന്ന സമയത്താണ് പ്രതി അക്രമം നടത്തിയത്. ഇതറിഞ്ഞെത്തി സംഭവം ചോദ്യം ചെയ്ത വിനോദിന്റെ സഹോദരിയെ അസഭ്യം വിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടർന്ന് അവിടെ എത്തിയ വിനോദിനു നേരേയുംഅസഭ്യം വിളിക്കുകയും വധഭീഷണി മുഴക്കുകയും ഇനിയുള്ള വൃക്ഷങ്ങൾ കൂടി നശിപ്പിക്കുമെന്നും ഇയാൾ പറഞ്ഞതായും പരാതിയിൽ പറയുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നല്കി ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുകയോ മറ്റ് നിയമ നടപടികൾ സ്വീകരിച്ചില്ലായെന്നും വിനോദ് ആരോപിക്കുന്നു.
ഇതിനെതിരേ ഉന്നത പോലീസ് അധികാരികൾക്കും മുഖ്യമന്ത്രിയ്ക്കും പരാതി നല്കുമെന്നും വിനോദ് പറഞ്ഞു.