സ്വകാര്യ ബസ് സമരം ജില്ലയിൽ പൂർണം
1574319
Wednesday, July 9, 2025 6:23 AM IST
കൊല്ലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ ആഹ്വാനം ചെയ്ത സ്വകാര്യ ബസ് പണിമുടക്ക് ജില്ലയിൽ പൂർണം. സഹകരണ മേഖലയിലേത് അടക്കം ബസുകൾ നിരത്തിൽ ഇറങ്ങിയില്ല. കൊല്ലം നഗരത്തിൽ ചിന്നക്കട, താമരക്കുളം എന്നിവിടങ്ങളിലെ സ്വകാര്യ ബസ് സ്റ്റാൻ്റുകൾ പൊതുവേ വിജനമായിരുന്നു. ജില്ലയുടെ കിഴക്കൻ മേഖലയിലും ബസ് സമരം പൂർണമായിരുന്നു.
സമരം മൂലമുള്ള യാത്രാക്ലേശം പരിഹരിക്കുന്നതിന് ജില്ലയിലെ എല്ലാ ഡിപ്പോകളിൽ നിന്നും കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തി.സ്വകാര്യ ബസുകൾ ഇല്ലാത്തതിനാൽ ഓട്ടോറിക്ഷകൾക്കും ഓട്ടം കൂടുതൽ കിട്ടി. മിക്കവാറും എല്ലാ റൂട്ടുകളിലും സമാന്തര സർവീസുകളും ഓടി.
ഇവർ യാത്രക്കാരിൽ നിന്ന് അമിത ചാർജ് ഈടാക്കിയതായി വ്യാപകമായ പരാതി ഉയർന്നു. ടെമ്പോ - ജീപ്പ് സർവീസുകളിൽ ഇന്നലെ മിനിമം ചാർജ് 20 രൂപയായിരുന്നു.ബസുകൾ ഇല്ലാത്തതിനാൽ പാസഞ്ചർ - മെമു ട്രെയിനുകളിലും പതിവിലും കൂടുതൽ യാത്രക്കാരുടെ തിരക്ക് അനുഭവപ്പെട്ടു.
പൊതുപണിമുടക്ക് ആയതിനാൽ ഇന്നും സ്വകാര്യ ബസുകൾ സർവീസ് നടത്തില്ല. ഫലത്തിൽ് അടുപ്പിച്ച് രണ്ട് ദിവസം സ്വകാര്യ ബസുകൾ നിരത്തിൽ ഉണ്ടാകില്ലെന്ന് വ്യക്തം.