അലയമണ്‍ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം പടരുന്നു
1486784
Friday, December 13, 2024 6:29 AM IST
അഞ്ചല്‍: അലയമണ്‍ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം പടരുന്നു. പൂത്തയം, മൂന്നാറ്റുമൂല കുഴിയന്തടം എന്നിവിടങ്ങളിലാണ് കുട്ടികളില്‍ ഉള്‍പ്പടെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരിക്കുന്നത്. പലരും രോഗ ലക്ഷണങ്ങളുമായി വിവിധ ആശുപത്രികളില്‍ ചികിലത്സ തേടുന്നുണ്ട്. കൂടുതല്‍ ആളുകളില്‍ രോഗ ലക്ഷണം കണ്ടു തുടങ്ങിയതോടെ വാര്‍ഡ് തല സാനിട്ടേഷന്‍ കമ്മിറ്റി പഞ്ചായത്ത് അധികൃതര്‍ വിളിച്ചുചേര്‍ത്തു.
ആരോഗ്യവകുപ്പ്, ആശാവര്‍ക്കര്‍മാര്‍, പഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരുടെ യോഗമാണ് വിളിച്ച് ചേര്‍ത്തത്. ജാഗ്രത നിര്‍ദേശം നല്കിയ അധികൃതര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും ബോധവത്കരണ നടപടികളും ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു.
വീടുകളില്‍ ക്ലോറിനേഷന്, ലഘുലേഖ വിതരണം, സ്കൂളുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണം ഉള്‍പ്പടെ നടത്താനും തീരുമാനിച്ചു.
വരും ദിവസങ്ങളില്‍ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ വാര്‍ഡിലെ മുഴുവന്‍ വീടുകളും കയറി ക്ലോറിനേഷന് നടത്തും.
ശരീരവേദന, പനി, ക്ഷീണം, ഓര്‍ക്കാനം, ഛര്‍ദ്ദി ഉള്‍പ്പടെ രോഗ ലക്ഷണമുള്ളവര്‍ സ്വയം ചികില്‍സ പാടില്ലെന്നും ആശുപത്രികളില്‍ ചികില്‍സ തേടണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. പ്രതിരോധ പ്രവർത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി പ്രസിഡന്റ് എം. ജയശ്രീ, വാര്‍ഡ് അംഗം അസീന മനാഫ് എന്നിവരും അറിയിച്ചു.