വിജയദശമി നാളിൽ നാടെങ്ങും കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു
1460951
Monday, October 14, 2024 5:39 AM IST
കൊല്ലം: പരിഭവം പറഞ്ഞും കുറുന്പ് കാട്ടിയും അറിവിന്റെ ആദ്യക്ഷരം നുണഞ്ഞ് കുരുന്നുകൾ.
വിജയദശമി ദിനമായ ഇന്നലെ ജില്ലയിലെ നിരവധി ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിവിധ തുറകളിൽപ്പെട്ട ആചാര്യന്മാർ കുഞ്ഞുങ്ങളെ ഹരിശ്രീ കുറിച്ചു.
ഇവിടങ്ങളിലെല്ലാം വിപുലമായ ഒരുക്കങ്ങളാണ് സംഘാടകർ സജ്ജമാക്കിയിരുന്നത്. ആദ്യക്ഷരം കുറിച്ച കുരുന്നുകൾക്ക് സമ്മാനങ്ങളും മിഠായികളും നൽകിയാണ് പലയിടത്തും മടക്കിയയച്ചത്.
പാരിപ്പള്ളി: വിജയദശമിദിനത്തിൽ കൊടിമൂട്ടിൽ ഭദ്രകാളി ക്ഷേത്രസന്നിധിയിൽ അഞ്ഞൂറോളം കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. പരിസ്ഥിതിശാസ്ത്രജ്ഞൻ ഡോ. സൈനുദീൻ പട്ടാഴി, ബഹിരാകാശ ശാസ്ത്രജ്ഞൻ ഡോ.ജെ. ജയപ്രകാശ്,
ഇന്റർഗ്രേററഡ് റൂറൽ ടെക്നോളജി ഡയറക്ടർ ഡോ. ജെ.സുന്ദരേശൻപിള്ള, ഡോ. രാജേന്ദ്രൻ, കൊല്ലം ശ്രീനാരായണകോളജ് മുൻ പ്രിൻസിപ്പൽ ഡോ. ആർ.സുനിൽകുമാർ, പ്രസിഡന്റിന്റെ ദേശീയ അധ്യാപക പുരസ്കാര ജേതാവ് പത്മാലയം ആർ. രാധാകൃഷ്ണൻ, കൊൽക്കൊത്ത വിശ്വഭാരതി സർവകലാശാല അസി. പ്രഫസർ ഗിരീഷ് അനിരുദ്ധൻ, ഡോ.പി.എൽ. സാബു എന്നിവർ കുട്ടികൾക്ക് ആദ്യക്ഷരം കുറിച്ചു.
പ്രണവം ഷീലാമധു സംഗീതത്തിന്റേയും നികുഞ്ചിതം രാജൻ നൃത്തത്തിന്റേയും വിദ്യാരംഭം നടത്തി. ക്ഷേത്രം ട്രസ്റ്റ് യോഗം സെക്രട്ടറി എസ്. പ്രകാശ്, സംഘാടക സമിതി ജനറൽ കൺവീനർ ജി.എസ്. ലിജിനും വിദ്യാരംഭ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ചവറ: പന്മന ആശ്രമത്തിൽ നവരാത്രി ഉത്സവത്തിന് മഹാത്രിപുരസുന്ദരീ പ്രസാദ പൊങ്കാലയോടെ സമാപനമായി. വിദ്യാരംഭത്തിന് സ്വാമി നിത്യസ്വരൂപാനന്ദ, സ്വാമി കൃഷ്ണമയാനന്ദ തീർഥപാദർ തുടങ്ങിയവർ നേതൃത്വം നൽകി. ഗിരീഷ് ഗുരുപദം വിദ്യാഗോപാല മന്ത്രാർച്ചനയ്ക്ക് മുഖ്യകാർമികത്വം വഹിച്ചു.
മഹാത്രിപരസുന്ദരീ പ്രസാദ പൊങ്കാലയും ചടങ്ങിന്റെ ഭാഗമായി നടന്നു. ക്ഷേത്രം മേൽശാന്തി വിഷ്ണു പൊങ്കാലയ്ക്ക് നേതൃത്വം നൽകി.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നവചണ്ഡികാ പൂജ, ത്രികാല ഭഗവതി സേവ, കലശാഭിഷേകം, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, നാഗപൂജ, ലളിതാ സഹസ്രനാമാർച്ചന, ദേവീമാഹാത്മ്യ പാരായണം എന്നിവയും നടന്നു.
നവരാത്രി ഉത്സവത്തിന് ശതാബ്ദി കോർഡിനേറ്റർ ബാലചന്ദ്രൻ, കൈതപ്പുഴ ശ്രീകുമാർ, അശ്വിനി കുമാർ, സുകുമാരൻ,അരുൺ ബാബു, അരുൺ രാജ്, കൃഷ്ണരാജ്, രാജേഷ് പുന്തുവിള എന്നിവർ നേതൃത്വം നൽകി.
പാരിപ്പള്ളി: ചാത്തന്നൂരിലെ ക്ഷേത്രങ്ങളിൽ ആദ്യാക്ഷരം കുറിച്ച കുരുന്നുകൾക്ക് പഠനകിറ്റുകളും സമ്മാനിച്ചു. പാരിപ്പള്ളി കൊടിമൂട്ടിൽ ഭദ്രകാളി ക്ഷേത്രം, വരിഞ്ഞം - നടയ്ക്കൽ ഊഴായ്ക്കോട് ഇണ്ടിളയപ്പൻ ക്ഷേത്രം, ചെന്തിപ്പിൽ ഭഗവതിക്ഷേത്രം, വരിഞ്ഞം മഹാദേവർ ക്ഷേത്രം, ചാത്തന്നൂർ ശ്രീഭൂതനാഥ ക്ഷേത്രം, ചേന്നമത്ത് മഹാദേവ ക്ഷേത്രം, പരവൂർ പുറ്റിംഗൽ ദേവീക്ഷേത്രം തുടങ്ങി 30 ലധികം ക്ഷേത്രങ്ങളിൽ ഹരിശ്രീ കുറിച്ച കുരുന്നുകൾക്ക് പഠനകിറ്റ് സമ്മാനിച്ചു.
കല്ലുവാതുക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമ്മ എന്റർപ്രൈസസ് ആന്ഡ് ഗോൾഡ് ലോൺസ് ആണ് പഠന കിറ്റ് വിതരണം ചെയ്തത്.
കൊട്ടിയം: വിദ്യാരംഭ ദിനത്തിൽ ആദ്യാക്ഷരം കുറിച്ച ആദിച്ചനല്ലൂർ പഞ്ചായത്തിലെ 16-ാം വാർഡിലെ മുഴുവൻ കുട്ടികൾക്കും പഠന കിറ്റ് വിതരണം ചെയ്തു. വാർഡിലെ വിവിധ ക്ഷേത്രങ്ങളിലാണ് കുരുന്നുകൾ അറിവിന്റെ ഹരിശ്രീ കുറിച്ചത്.
പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി മുൻ ചെയർമാൻ പ്ലാക്കാട് ടിങ്കു പഠനോപകരണങ്ങൾ അടങ്ങിയ കിറ്റിന്റെ വിതരണ ഉദ്ഘാടനം നിർവഹിച്ചു.
കുടുംബശ്രി സിഡിഎസ് മെമ്പർ കലജദേവി, മുൻ വാർഡ് മെമ്പർ കെ.എസ്. അനീഷ്, അങ്കണവാടി വർക്കർ സരിത, രാധാകൃഷ്ണൻ, കെ. രമേശൻ എന്നിവർ പ്രസംഗിച്ചു.
ചാത്തന്നൂർ: പോളച്ചിറ ഗുരുകുലം ശ്രീ മഹാവിഷ്ണു ക്ഷേത്ര സന്നിധിയിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. രാവിലെ ക്ഷേത്ര ചടങ്ങുകൾക്കു ശേഷം പൂജയെടുത്തു. ക്ഷേത്രം തന്ത്രി അനിൽ ലക്ഷ്മണൻ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു. ഗുരുകുലം ദേവസ്വം ജനറൽ സെക്രട്ടറി ബിജുവിശ്വരാജൻ, ബി. സജീവ്, എസ്. സുഷമ, കെ.സനീഷ്, ജി. ശശിധരൻ, ക്ഷേത്രം ശാന്തി വി. ഹരിജിത്ത് ഗുരുകുലം തുടങ്ങിയവർ നേതൃത്വം നൽകി.
കൊട്ടാരക്കര: കിഴക്കേത്തെരുവ് പബ്ലിക് ലൈബ്രറിയിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ ഫരീദബാദ് ധർമജ്യോതി വിദ്യാപീഠ് മുൻ പ്രിൻസിപ്പൽ റവ. ഡോ. സണ്ണി. ഇ. മാത്യു കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു.
തുടർന്ന് നടന്ന സാംസ്കാരിക സദസിൽ പ്രസിഡന്റ് അഡ്വ. മാത്യൂസ്. കെ. ലുക്ക് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.വൈ. ബിനു, സുരേഷ് കുമാർ, ഏബ്രഹാം അലക്സാണ്ടർ, അനുവർഗീസ്, എൻ.വൈ. കുരികേശു, പി. ബാബു, സജി തോമസ്, വിമലാക്ഷൻ, ഡി. സന്തോഷ് കുമാർ, ജോളി മാത്യു, സിസി ജയ് എന്നിവർ പ്രസംഗിച്ചു.
കൊട്ടാരക്കര: ചെങ്ങമനാട് ബിആർഎം സെന്റർ സ്കൂളിൽ കൊട്ടാരക്കര ഉദ്യാനിന്റെ സഹകരണത്തോടെ സംഗീതോത്സവവും വിദ്യാരംഭവും നടത്തി. ടിവി-റേഡിയോ അവതാരകൻ നീലേശ്വരം സദാശിവൻ ഉദ്ഘാടനം ചെയ്തു.
സ്കൂൾ ചെയർപേഴ്സൺ സുധാ അശോകൻ, വൈസ് ചെയർമാൻ സതീഷ് മോഹൻ തുടങ്ങിയവർ പങ്കെടുത്തു.