ആറ്റിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
1459574
Monday, October 7, 2024 10:38 PM IST
പുനലൂർ: സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ ഓട്ടോറിക്ഷ ഡ്രൈവറുടെ മൃതദേഹം കണ്ടെടുത്തു. കൊല്ലം മുണ്ടക്കൽ കോട്ടമല ജംഗ്ഷനിൽ കൈലാസ് വീട്ടിൽ സജീവി(54)ന്റെ മൃതദേഹമാണ് ഫയർഫോഴ്സ് ഇന്നലെ കണ്ടെത്തിയത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സുഹൃത്തുക്കളായ മറ്റു മൂന്നുപേർക്കൊപ്പം ചാലിയക്കര മുടവൻചിറ ബംഗ്ലാകടവിൽ ഇവർ കുളിക്കാൻ ഇറങ്ങിയത്. കുളിക്കുന്നതിനിടെ സജീവ് ഒഴുക്കിൽപ്പെടുകയായിരുന്നു.
പുനലൂർ പോലീസും ഫയർഫോഴ്സും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ കൊല്ലത്തുനിന്നും സ്കൂബ ടീം എത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊല്ലം റെയിൽവേ സ്റ്റേഷന് മുമ്പിലെ സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഡ്രൈവറാണ് സജീവ്.