മഞ്ഞപ്പിത്തത്തിനെതിരേ ജാഗ്രത വേണം
1458608
Thursday, October 3, 2024 4:24 AM IST
കൊല്ലം: മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കുകയും തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയിലെത്തി രോഗ സ്ഥിരീകരണം നടത്തി ചികിത്സ ഉറപ്പാക്കുകയും വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.എസ്. അനു അറിയിച്ചു.
അമിതമായ ക്ഷീണം, പനി, വയറു വേദന, ഓക്കാനം, ഛര്‍ദ്ദി, മൂത്രത്തിനും കണ്ണിനും മഞ്ഞ നിറം, എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. ക്രമേണ മൂത്രത്തിനും കണ്ണിനും മഞ്ഞ നിറം പ്രത്യക്ഷപ്പെടുന്നു. രക്ത പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുക. കരളിനെ ബാധിക്കുന്ന വൈറല്‍ രോഗമായതിനാല്‍ കൃത്യസമയത്ത് രോഗം കണ്ടെത്തി ചികിത്സ നടത്തേണ്ടത് ആവശ്യമാണ്.
രോഗമുള്ളയാളിന്റെ വിസര്‍ജ്യത്താല്‍ മലിനമായ വെള്ളത്തിലൂടെയും മലിന ജലം ഉപയോഗിച്ച് പാത്രവും കൈയും കഴുകുന്നതിലൂടെയും രോഗം പകരാം. ലക്ഷണമില്ലാത്ത രോഗബാധിതരില്‍ നിന്നും രോഗം പകരാനിടയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു.