കുണ്ടറ -പള്ളിമുക്ക് റെയിൽവേ മേൽപ്പാലനിർമാണം വേഗത്തിലാക്കും
1454382
Thursday, September 19, 2024 5:59 AM IST
കൊല്ലം: കുണ്ടറ - പളളിമുക്ക് റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപിയും പി.സി. വിഷ്ണുനാഥ് എംഎല്‍എയും അറിയിച്ചു.
പ്രധാനമന്ത്രി തറക്കല്ലിട്ട മേല്‍പ്പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിനായി ദക്ഷിണ റയില്‍വേയുടെ കണ്‍സ്ട്രക്ഷന്‍ വിഭാഗം മേധാവി ഷാജി സക്കറിയുടെ സാന്നിധ്യത്തില്‍ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ഉന്നതതല യോഗം ചേര്‍ന്നതിനുശേഷമാണ് വിവരം അറിയിച്ചത്.
റെയില്‍വേ കണ്‍സ്ട്രക്ഷന്‍ വിഭാഗത്തിന്റേയും റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്പ്മെന്റ് കോര്പ്പറേഷന് കേരളയുടേയും ഉന്നത ഉദ്യോഗസ്ഥര്‍ ജിഎഡി സംബന്ധിച്ച് ധാരണയിലെത്തി. 2017 ലെ അംഗീകരിച്ച ജിഎഡി റെയില്‍വേയുടെ പുതിയ മാനദണ്ഡ പ്രകാരം പുതുക്കി നിശ്ചയിക്കുന്പോൾ ഉണ്ടാകുന്ന കാലതാമസം യോഗം ചര്‍ച്ച ചെയ്തു.
2017 ലെ അംഗീകരിച്ച ജിഎഡി പുതുക്കുന്നതിനുളള സാങ്കേതികമായ നടപടികള്‍ പൂര്‍ത്തിയാക്കി ഭരണപരമായ നടപടികള്‍ ത്വരിതപ്പെടുത്തും. മേല്‍പ്പാലത്തിന്റെ ഭൂമി ഏറ്റെടുക്കല്‍ ഒഴിച്ച് നിര്‍മാണത്തിനുളള മുഴുവന്‍ ചെലവും റെയില്‍വേ വഹിക്കാമെന്ന് സെപ്റ്റംബര്‍ മൂന്നിന് ചെന്നൈയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ഉറപ്പ് നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലുളള തുടര്‍ നടപടി സ്വീകരിക്കണമെന്ന് എംപി യോഗത്തില്‍ ആവശ്യപ്പെട്ടു. നിര്‍മാണ ചെലവ് പൂര്‍ണമായും റെയില്‍വേ വഹിക്കാനുളള അപേക്ഷ റെയില്‍വേക്ക് സമര്‍പ്പിക്കാന്‍ സംസ്ഥാന ഏജന്‍സിയായ ആര്ബിഡിസികെയോട് യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ ഊര്‍ജിതപ്പെടുത്തുമെന്ന് പി.സി. വിഷ്ണുനാഥ് എംഎല്‍എ യോഗത്തെ അറിയിച്ചു.
എന്‍.കെ. പ്രേമചന്ദ്രന് എംപി, പി.സി. വിഷ്ണുനാഥ് എംഎല്‍എ, ദക്ഷിണ റയില്‍വേ കണ്‍സ്ട്രക്ഷന്‍ വിഭാഗം മേധാവി ഷാജി സക്കറിയ, കണ്‍സ്ട്രക്ഷന്‍ വിഭാഗം ചീഫ് എന്‍ജിനീയര്‍ മുരാരി ലാല്‍, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ചന്ദ്രു പ്രകാശ്, പ്രോജക്ട് എന്‍ജിനീയര്‍ മുഹമ്മദ് അല്‍ത്താഫ്, എഡിഎം വിജയകുമാര്‍, കണ്‍സ്ട്രക്ഷന്‍ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയര്‍ ഷണ്മുഖം സച്ചിദാനന്ദന് തുടങ്ങിയവർ പങ്കെടുത്തു.