ട്രെയിനിൽ നിന്ന് വീണ യുവാവിനെ റെയിൽവേ ജീവനക്കാർ രക്ഷപ്പെടുത്തി
1453731
Tuesday, September 17, 2024 1:03 AM IST
കൊല്ലം: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് അർധരാത്രി പുറത്തേയ്ക്ക് തെറിച്ചു വീണ യുവാവിനെ റെയിൽവേ ജീവനക്കാർ കണ്ടെത്തി രക്ഷപ്പെടുത്തി.പാലരുവി എക്സ്പ്രസിൽ കഴിഞ്ഞ ദിവസം രാത്രി 12.30 ഓടെ ഇടമണിനും ഒറ്റയ്ക്കലിനും മധ്യേയായിരുന്നു സംഭവം.
ഓച്ചിറയിൽ നിന്ന് തിരുനെൽവേലിയിലേക്ക് യാത്ര ചെയ്ത തിരുനെൽവേലി അയ്യാപുരം സ്വദേശി മധുസൂദനൻ (19) ആണ് ട്രാക്കിലേക്ക് വീണത്. വാതിൽപ്പടിയിൽ നിന്ന യുവാവ് ഉദയപുരം വളവിൽ എത്തിയപ്പോൾ തെറിച്ചു വീണു എന്നാണ് കരുതുന്നത്.
മധുസൂദനനെ കാണാതായതോടെ ട്രെയിനിൽ ഉണ്ടായിരുന്ന ബന്ധുക്കൾ ഉടനേ ആർപിഎഫിൽ വിവരം അറിയിച്ചു. തുടർന്ന് ആർപിഎഫ് ഉദ്യോഗസ്ഥൻ ജയകുമാറിന്റെ നിർദേശപ്രകാരം നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എൻജിനീയറിംഗ് വിഭാഗം ജീവനക്കാരായ പ്രിയേഷ് ബാബു, ബോഡ ശിവജി എന്നിവർ ട്രാക്കിൽ തിരച്ചിൽ നടത്തി.
നിസാര പരിക്കുകളോടെ ഉദയഗിരി ഭാഗത്ത് ട്രാക്കിന് സമീപം പുല്ല് വളർന്ന് നിൽക്കുന്ന ഭാഗത്ത് യുവാവിനെ കണ്ടെത്തുകയായിരുന്നു. ഇവിടെ വീണത് കാരണമാണ് യുവാവ് വലിയ അപകടം സംഭവിക്കാതെ രക്ഷപ്പെട്ടതെന്ന് റെയിൽവേ ജീവനക്കാർ പറഞ്ഞു. പ്രാഥമിക ശുശ്രൂഷ നൽകിയശേഷം ബന്ധുക്കളെ വിവരം അറിയിച്ചു. പുലർച്ചെ നാലോടെ അവർ എത്തി ഇയാളെ കൂട്ടിക്കൊണ്ടു പോയി. തിരുവോണ നാളിൽ ജീവൻ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിൽ ജീവനക്കാർക്ക് നന്ദി അറിയിച്ചാണ് യുവാവിന്റെ കുടുംബം മടങ്ങിപ്പോയത്.