ഓണവിപണി: കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന നടത്തി
1453008
Friday, September 13, 2024 5:31 AM IST
കൊല്ലം: ഓണവിപണിയിലെ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിന് രൂപീകരിച്ച സ്ക്വാഡുകള്‍ ജില്ലയിലെ വിവിധ കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന നടത്തി നടപടി സ്വീകരിച്ചു. വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കല്‍, ഉപഭോക്താക്കള്‍ക്ക് യഥാസമയം ബില്ലുകള്‍ നല്കല് എന്നിവയിലെ വീഴ്ച, പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, അമിത വില ഈടാക്കല്‍ എന്നിവ കണ്ടെത്താനായി സിവില്‍ സപ്ലൈസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.
ത്രാസുകള്‍ ശരിയായി പതിച്ച് സൂക്ഷിക്കാത്തത്, പായ്ക്കിംഗ് ലേബലുകള്‍, തൂക്കത്തില്‍ കുറവ് എന്നിവ സംബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധന നടത്തി ക്രമക്കേടുകള്‍ കണ്ടെത്തി. ഹോട്ടലുകളിലേയും പഴം, പച്ചക്കറി വ്യാപാര സ്ഥാപനങ്ങളിലേയും ശുചിത്വം സംബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് മുഖേനയും സംയുക്ത സ്ക്വാഡുകള്‍ പരിശോധന നടത്തി.
സെപ്റ്റംബര്‍ അഞ്ച് മുതല്‍ നടത്തിയ പരിശോധനകളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്തതടക്കമുള്ള 16 കേസുകളും ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ 53 പരിശോധനകളിലായി ഹോട്ടലുകളിലേയും പഴം, പച്ചക്കറി വില്‍പ്പന ശാലകളിലേയും ലൈസന്‍സ് പുതുക്കിയിട്ടില്ലാത്തത് ഉള്‍പ്പെടെ ആറ് കേസുകളും എടുത്തു.
ശരിയായ വിധം ത്രാസുകള്‍ പതിച്ച് സൂക്ഷിക്കാത്തത്, പായ്ക്കിംഗ് ലേബലുകള്‍, തൂക്കത്തില്‍ കുറവ് എന്നിവ സംബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പ് മുഖേന ആകെ 48 പരിശോധന നടത്തിയതില്‍ 12 ക്രമക്കേടുകൾ കണ്ടെത്തി.
തദ്ദേശ വകുപ്പ് മുഖേന 39 പരിശോധനകള്‍ നടത്തി. കരുനാഗപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കുലശേഖരപുരം പഞ്ചായത്ത് പരിധിയില്‍ രണ്ടിടങ്ങളിലായി മതിയായ രേഖകളില്ലാതെ സൂക്ഷിച്ചിരുന്ന 6430 കി ഭക്ഷ്യധാന്യങ്ങളും ഹോട്ടലില്‍ നിന്ന് ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളും പിടിച്ചെടുത്തു.
വരും ദിവസങ്ങളിലും പരിശോധനകള്‍ ശക്തമാക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.