മൊബൈൽ മോഷ്ടാവ് പിടിയിൽ
1435726
Saturday, July 13, 2024 5:57 AM IST
കൊല്ലം: മെഡിക്കൽ ഷോപ്പിൽ മരുന്ന് വാങ്ങാനെത്തിയ ആളുടെ മൊബൈൽ ഫോണ് മോഷ്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ പോലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. കൊല്ലം വെസ്റ്റ് കോട്ടമുക്ക് വിദ്യാനഗർ എസ്.വി. ഭവനിൽ വിജയ്(29) ആണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞദിവസം രാത്രിയിൽ മെഡിക്കൽ ഷോപ്പിൽ മരുന്ന് വാങ്ങാൻ എത്തിയ കൊല്ലം കുരീപ്പുഴ ഗോപിനാഥം വീട്ടിൽ ഷിബു(53) വിന്റെ 23000 രൂപ വിലവരുന്ന മൊബൈൽ ഫോണാണ് പ്രതി തന്ത്രപൂർവം മോഷ്ടിച്ചത്.
ഫോണ് മോഷണം പോയതായി മനസിലാക്കിയ ഷിബു കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഷിബുവിന്റെ തൊട്ടു പുറകിലായി നിന്നിരുന്ന വിജയ് മൊബൈൽ ഫോണ് മോഷ്ടിച്ചെടുക്കുന്നതായി കണ്ടു.
ഉടൻ തന്നെ വിവരം കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും പോലീസ് സംഘം സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവിനെ തിരിച്ചറിയുകയും ചെയ്തു.
ഷിബു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മോഷണ കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
കൊല്ലം വെസ്റ്റ് സബ്ബ് ഇൻസ്പെക്ടർ അനീഷിന്റെ നേതൃത്വത്തിൽ എസ്.ഐ ഹസൻകുഞ്ഞ്, സുമേഷ്, ദീപു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.