മഴയിൽ റോഡു വെള്ളക്കെട്ടായി ;ജനം ദുരിതത്തിൽ
1339523
Sunday, October 1, 2023 12:59 AM IST
കൊല്ലം : കൊച്ചുപിലാമൂട്, മുണ്ടയ്ക്കൽ, കന്റോൺമെന്റ് ഭാഗങ്ങളിൽ നിന്നുവരുന്ന റോഡിൽ കമ്മിഷണർ ഓഫീസ് മേൽപ്പാലത്തിന്റെ ആരംഭത്തിൽ റോഡ് തകർന്നു കിടന്നിട്ട് മാസങ്ങളായി.
ഇവിടെ അടിക്കടി റോഡ് തകരുന്നത് പതിവാണ്. വെള്ളം കെട്ടിക്കിടന്ന് കാൽനട യാത്ര പോലും ദുഷ്കരമായിരിക്കുകയാണ്. വെള്ളം കയറി റോഡ് തകർന്നിട്ട് മാസങ്ങളായി. ശാശ്വതമായ പരിഹാരം കാണാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കൊല്ലം പീപ്പിൾ സോഷ്യോ- കൾച്ചറൽ ഫോറം ആവശ്യപ്പെട്ടു.
മഴക്കാലത്ത് ഇതുവഴി പോകുന്നത് ഏറെ ദുഷ്കരമാണ്. കമ്മീഷണർ ഓഫീസ് ഉൾപ്പെടെ നിരവധി സർക്കാർ ഓഫീസുകളിലേക്ക് പോകേണ്ട റോഡ് കൂടിയാണ് ഇത്. മാത്രമല്ല സ്കൂളുകൾ, മറ്റ് സ്ഥാപനങ്ങൾ, ക്ഷേത്രം എന്നിവിടങ്ങളിലേയ്ക്ക് പോകേണ്ടതും ഇതുവഴിയാണ്.
ഇവിടെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നതും വാഹന ഗതാഗതം തടസപ്പെടുന്നതും പതിവാണ്. ദിനംപ്രതി നൂറു കണക്കിന് വാഹനങ്ങളാണ് ഇതു വഴി കടന്നുപോകുന്നത്. അതിന്റെ അഞ്ചിരിട്ടയിലധികം ആൾക്കാരും ഈ റോഡിലൂടെ സഞ്ചരിക്കുന്നുണ്ട്.
കോർപറേഷൻ അധികൃതർ അടക്കമുള്ളവർക്ക് നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും നാളിതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ലന്ന് ഫോറം പ്രസിഡന്റ് എ. ജെ. ഡിക്രൂസ്.ജനറൽ സെക്രട്ടറി എസ് .സന്തോഷ് കുമാർ എന്നിവർ പറഞ്ഞു.
കുണ്ടറ രണ്ടു ദിവസമായി തുടർന്നുവരുന്ന കനത്ത മഴയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താണു. ഇളമ്പള്ളൂർ പഞ്ചായത്തിലെ പഴങ്ങാലം രക്ഷാ സൈന്യം പള്ളിക്ക് സമീപം പിള്ള വീട്ടിൽ തെക്കതിൽ ജയന്തിയുടെ കിണറാണ് ഇടിഞ്ഞു താണത്. രാവിലെ 10നായിരുന്നു അപകടം.
കിണർ ഇടിഞ്ഞുതാണത് പകലായിരുന്നതുകൊണ്ട് അപകടം ഒഴിവായി. കഴിഞ്ഞ ദിവസമുണ്ടായകാ റ്റിലും കനത്ത മഴയിലും തെങ്ങ് കടപുഴകി വീണ് വൈദ്യുതി ലൈൻ തകർന്നു. പേരയംപഞ്ചായത്തിലെ പടപ്പക്കര വാളാത്തി പൊയ്കയിൽ ആന്റണിയുടെ പുരയിടത്തിലാണ് തെങ്ങ് കടപുഴകി വീണത്.
കുണ്ടറയിൽ നിന്നും അഗ്നിശമനസേനയും വൈദ്യുതി ബോർഡ് ജീവനക്കാരുമെത്തി വൈദ്യുതി പുനസ്ഥാപിച്ചു. കൊട്ടാരക്കര: കനത്ത മഴയെ തുടർന്ന് കൊട്ടാരക്കര താലൂക്ക് പരിധിയിൽ
ഏഴ് വീടുകൾ ഭാഗീകമായി തകർന്നു.332000 രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായി റവന്യു വിഭാഗം വിലയിരുത്തി.
മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലഇന്ന് ഓറഞ്ച് അലർട്ട്പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ താലൂക്ക് ഓഫീസിൽ ഡെപ്യൂട്ടി തഹയിൽദാരുടെ ചുമതലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. അടിയന്തിര സംഭവങ്ങൾ 04742454623 എന്ന ഫോൺ നമ്പറിൽ അറിയിക്കാവുന്നതാണെന്ന് തഹസീൽദാർ അറിയിച്ചു.
പുനലൂർ :കിഴക്കൻ മേഖലയിൽ മഴ ശക്തമാകുന്നു. ഇന്നലെ രാവിലെ മുതൽ മഴ ശക്തമായിരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി. കല്ലടയാറ്റിലും തെന്മല ഡാമിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മഴ തുടർന്നാൽ വെള്ളം കയറാനുള്ള സാധ്യതയുണ്ട്. ആര്യങ്കാവ് മേഖലയിൽ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നുണ്ട്.