റെയിൽവേയുടെ അവഗണന; ഡിവൈഎഫ്ഐ റെയിൽവേ സ്റ്റേഷൻ മാർച്ച് ഇന്ന്
1336358
Sunday, September 17, 2023 11:47 PM IST
കൊല്ലം : സംസ്ഥാനത്ത് സർവീസ് നടത്തുന്ന ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകൾ വെട്ടി കുറയ്ക്കുന്നത് പുനസ്ഥാപിക്കണമെന്നും കൊല്ലം ജില്ലയോടുള്ള റെയിൽവേ അവഗണനമാറ്റണമെന്നും ഡിവൈഎഫ്ഐ കൊല്ലം ജില്ല കമ്മറ്റി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഓടുന്ന ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകൾ വെട്ടി കുറച്ച് തേർഡ് സി കോച്ചുകൾ സ്ഥാപിക്കുന്നതിന് റെയിൽവേ തീരുമാനിച്ചിരിക്കുകയാണ്. കേരളത്തിലെ യാത്രാദുരിതം പരിഹരിക്കുന്നതിനായി സ്ലീപ്പർ കോച്ചുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം നിലനിൽക്കുമ്പോഴാണ് റെയിൽവേ നിലവിൽ ഉണ്ടായിരുന്ന സ്ലീപ്പർ കോച്ചുകൾ കൂടി വെട്ടി കുറയ്ക്കുന്നത്.
യാത്രക്കാരുടെ സുരക്ഷിതത്വം, പുതിയ ട്രെയിൻ സർവീസ് എന്നീ വിഷയങ്ങളിലും നിഷേധാത്മക നിലപാടാണ് റെയിൽവേ സ്വീകരിക്കുന്നത്.
സംസ്ഥാനത്ത് റെയിൽവേ യാത്രക്കാർ കൂടുതൽ ആശ്രയിക്കുന്നത് സ്ലീപ്പർ കോച്ചുകൾ ആണ് . മാവേലി എക്സ്പ്രസ്, മംഗളൂരു ചെന്നൈ എക്സ്പ്രസ്, വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളിൽ ആണ് സ്ലീപ്പർ കോച്ചുകൾ വെട്ടി കുറയ്ക്കുന്നത്. ഇത് സംസ്ഥാനത്ത് കടുത്ത യാത്ര ദുരിതം സൃഷ്ടിക്കും.
ജില്ലയോട് റെയിൽവേ സ്വീകരിക്കുന്ന അവഗണനാ മനോഭാവം തുടരുകയാണ്. കൊല്ലം പുനലൂർ റെയിൽ പാതയിലെ ട്രെയിനുകളുടെ സമയം മാറ്റം ജില്ലയിലെ ട്രെയിൻ യാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
പകൽ നീണ്ട ഇടവേളയിൽ പുനലൂരിൽ നിന്ന് കൊല്ലത്തേക്ക് ട്രെയിൻ സർവീസ് ഇല്ലാത്ത അവസ്ഥയുണ്ട്. വിവിധ റെയിൽവേ സ്റ്റേഷന്റെ വികസന പ്രവർത്തനങ്ങൾ മുരടിച്ച സ്ഥിതിയാണുള്ളത്. ജില്ലയിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ ഉള്ള ട്രെയിനുകളുടെ സ്റ്റോപ്പുകൾ വെട്ടിക്കുറയ്ക്കുന്ന നടപടിയും തുടർന്ന് വരികയാണ്.
ഈ വിഷയങ്ങൾ ഉയർത്തി ഡിവൈഎഫ്ഐ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകും. ഇതിന്റെ ഭാഗമായി ഇന്ന് ജില്ലയിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിലേക്ക് മാർച്ച് സംഘടിപ്പിക്കും. റെയിൽവേ പ്ലാറ്റ്ഫോമുകളിലും ട്രെയിനിനുള്ളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ടി .ആർ. ശ്രീനാഥും സെക്രട്ടറി ശ്യാം മോഹനനും അറിയിച്ചു.