പുനലൂരിൽ ഭക്ഷ്യവസ്തു സംഭരണശാല; നടപടി തുടങ്ങി
1336356
Sunday, September 17, 2023 11:47 PM IST
പുനലൂര്‍ : കേന്ദ്ര വെയര്‍ഹൗസിംഗ് കോര്‍പറേഷര്‍ (സിഡബ്ള്യുസി) പുനലൂരില്‍ നിര്‍മിക്കുന്ന ഭക്ഷ്യവസ്തു സംഭരണ ശാലക്കായി മൈലയ്ക്കല്‍ വാര്‍ഡിലെ വട്ടപ്പടയില് നഗരസഭ നല്കുന്ന ഭൂമി അളന്നുതിരിക്കുന്നതിനുള്ള നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി സര്‍വേ ജീവനക്കാര്‍ കഴിഞ്ഞ ദിവസം ഭൂമി സന്ദര്‍ശിച്ചു. നഗരസഭാ വൈസ് ചെയർമാന് ഡി.ദിനേശന്, വാര്‍ഡ് കൗണ്‍സിലർ വി.പി.ഉണ്ണികൃഷ്ണന് എന്നിവര്‍ക്കൊപ്പമാണ് ജീവനക്കാര്‍ സ്ഥലം പരിശോധിച്ചത്. എന്നാല്‍ സ്ഥലത്ത് കാടുതെളിക്കുകയും ഏതാനും മരം മുറിച്ചുനീക്കുകയും ചെയ്യേണ്ടതിനാല്‍ ഇതിനു ശേഷമേ സര്‍വേ തുടങ്ങൂ. ഇതിനായി താലൂക്ക് ഓഫീസില്‍ നിന്നും നഗരസഭക്ക് കത്ത് നല്‍കും.
ഒന്നരവര്‍ഷം മുന്‍പ് ആരംഭിച്ച പദ്ധതിക്കായി ഇതുവരേയും ഭൂമി അളന്നുതിരിച്ചുനല്കാത്തത് സംബന്ധിച്ച് ആക്ഷേപം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം നടപടി തുടങ്ങിയത്.
വട്ടപ്പടയില് നഗരസഭയുടെ ഉടമസ്ഥതയിലുള്ള പത്തേക്കര്‍ ഭൂമിയില്‍ നിന്നാണ് സംഭരണശാലക്ക് സ്ഥലം നല്‍കുന്നത്. 30 വര്‍ഷത്തെ പാട്ടത്തിന് രണ്ടര ഏക്കര്‍ ഭൂമി വിട്ടുനല്‍കാനാണ് ധാരണ. ഇതിനു പുറമേ നഗരസഭയുടെ തന്നെ സമഗ്ര കുടിവെള്ള പദ്ധതിയുടെ ശുദ്ധീകരണ ശാല നിര്‍മിക്കുന്നതിന് ഒന്നര ഏക്കറും സംസ്ഥാന ബജറ്റിലെ പ്രഖ്യാപനമായ പെറ്റ് മീല്‍ ഫാക്ടറി നിര്‍മിക്കുന്നതിന് രണ്ടേക്കറും നല്‍കും. ഇതിനുള്ള ഭൂമിയും അളന്നുനല്കേണ്ടതുണ്ട്.
പി.എസ്.സുപാല്‍ എംഎല്എമുന്കൈയെടുത്താണ് പുനലൂരില്‍ ഭക്ഷ്യ സംഭരണശാല നിര്‍മിക്കുന്നതിന് നടപടിയുണ്ടാക്കിയത്. കഴിഞ്ഞകൊല്ലം മാര്‍ച്ചില്‍ സിഡബ്ള്യുസിയില്‍ നിന്നുള്ള സംഘം പുനലൂരിലെത്തി സ്ഥലം പരിശോധിക്കുകയും ഭൂമി പദ്ധതിക്ക് അനുയോജ്യമാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ സംഭരണ ശാല പൂര്‍ത്തിയാക്കുമെന്നാണ് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നത്. 10,000 മെട്രിക് ടണ്‍ ഭക്ഷ്യവസ്തുക്കള്‍ സംഭരിക്കുന്നതിനായി 12-മുതല്‍ 15 കോടി രൂപവരെ മുടക്കിയാണ് പുനലൂരില്‍ സംഭരണ ശാല നിര്‍മിക്കുന്നത്. സിഡബ്ള്യുസിയുടെ കൊല്ലം ജില്ലയിലെത്തന്നെ ആദ്യ സംരംഭമാണിത്.