പുനലൂരിൽ തെരുവുനായ അക്രമം; സ്കൂൾ കുട്ടി ഉൾപ്പെടെ 17 പേർക്ക് കടിയേറ്റു
1300407
Monday, June 5, 2023 11:32 PM IST
പുനലൂർ: പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുപട്ടിയുടെ ആക്രമണത്തിൽ സ്കൂൾ കുട്ടിക്ക് ഉൾപ്പടെ 17 ഓളം പേർക്ക് കടിയേറ്റു.
ഇന്നലെ വൈകുന്നേരം 6.30 ഓടെ മാർക്കറ്റ് ജംഗ്ഷൻ, ചെമ്മന്തൂർ, എംഎൽഎ റോഡ് എന്നിവിടങ്ങളിലാണ് നായയുടെ അക്രമമുണ്ടായത്.
മാർക്കറ്റ് ജംഗ്ഷനിൽ ട്യൂഷൻ കഴിഞ്ഞു ബസ് കാത്ത് നിൽക്കുകയായിരുന്ന പുനലൂർ ഗേൾസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിക്ക് കടിയേറ്റു. സമീപസ്ഥലത്ത് തന്നെ നിന്നിരുന്ന ചെമ്മന്തൂർ സ്വദേശിനി സഞ്ചു(27) വിന് കാലിനും കൈക്കും കടിയേറ്റു. ഐക്കരക്കോണം സ്വദേശി ശ്യാം(38) തമിഴ്നാട് കല്ലടൈകുറിശി സ്വദേശി ഭൂതത്താൻ (47), പശ്ചിമബംഗാൾ സ്വദേശി ബിസ്നു (28) അഞ്ചൽ സ്വദേശി സുനിൽ കുമാർ (37), എലിക്കാട്ടൂർ സ്വദേശിനി ജീന തുടങ്ങി നിരവധി പേർക്ക് കടിയേറ്റു.
എംഎൽഎ റോഡിന് സമീപത്തെ കടയിൽ ജോലി ചെയ്തിരുന്ന പുനലൂർ മഞ്ഞമൺകാല സ്വദേശി ഷിജു(50) വിനെ കടയ്ക്കുള്ളിൽ കയറി കടിച്ചു.
പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിയവരിൽ അഞ്ചോളം പേരെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് അയച്ചു.
പുനലൂർ നഗരസഭ ചെയർപേഴ്സൺ ബി. സുജാത ആശുപത്രിയിൽ എത്തി കടിയേറ്റവരെ സന്ദർശിച്ച് ആവശ്യത്തിന് പ്രതിരോധ വാക്സിൻ എത്തിക്കുന്നതിന് ഡിഎംഒ യോട് ആവശ്യപ്പെട്ടു.
ഒരാഴ്ച മുൻപ് പുനലൂർ കെഎസ്ആർടിസി ഡിപ്പോയിൽ കെഎസ്ആർടിസി ഡ്രൈവർ ഉൾപ്പടെ നാലോളം പേർക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.
തെരുവ് നായ്ക്കളുടെ പ്രജനനം നിയന്ത്രിക്കുന്നതിന് നടപ്പാക്കിയ എബിസി പദ്ധതി മൃഗസ്നേഹികൾ കോടതിയെ സമീപിച്ചു നഗരസഭ സെക്രട്ടറിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് നിർത്തി വച്ചിരുന്നു.