പാഠപുസ്തകങ്ങളിലെ തുള്ളൽ പാട്ടുകൾ ചിത്രീകരിക്കുന്നു
1298728
Wednesday, May 31, 2023 4:00 AM IST
കൊല്ലം: പാഠപുസ്തകത്തിലെ തുള്ളൽ പാട്ടുകൾ ചിത്രീകരിക്കുന്നു. ഒന്നാം ക്ലാസ് മുതൽ പ്ലസ്ടു ക്ലാസുകൾ വരെയുള്ള മലയാളം പാഠപുസ്തകത്തിലെ തുള്ളൽ പാട്ടുകൾ സ്കൂൾ വിദ്യാർഥികൾക്കുവേണ്ടി ഒരു കൂട്ടം അധ്യാപകരാണ് ചിത്രീകരിക്കുന്നത്.തുള്ളൽ കലാകാരൻ താമരക്കുടി കരുണാകരൻ മാസ്റ്ററുടെ കൊച്ചുമകൾ തുള്ളൽ കലാകാരി ഹരിചന്ദനയാണ് തുള്ളൽ അവതരിപ്പിക്കുന്നത്.
ഒന്നാം ക്ലാസ് മുതൽ പ്ലസ്ടു വരെ അഞ്ച് തുള്ളൽ പാട്ടുകളാണ് കുട്ടികൾക്ക് പഠിക്കാനുള്ളത്. മൂന്ന് ഓട്ടൻതുള്ളലും ഒരു ശീതങ്കൻ തുള്ളലും ഒരു പറയൻ തുള്ളലും. പത്തോളം അധ്യാപകരുടേയും കലാകാരന്മാരുടേയും സാങ്കേതിക വിദഗ്ധരുടേയും കൂട്ടായ്മയിലൂടെ തുള്ളൽ ചിത്രീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന് നൽകാനാണ് തീരുമാനം.
വിവിധ സ്കൂളുകളിലും ബിആർസികളിലും ശില്പശാലകളിലും തുള്ളൽ അവതരിപ്പിച്ചപ്പോൾ വളരെ കുറച്ച് കുട്ടികൾ മാത്രമേ തുള്ളൽ നേരിട്ട് കണ്ടിട്ടുള്ളു എന്ന് മനസിലാക്കി പാഠപുസ്തകത്തിലെ തുള്ളൽ കുട്ടികൾ കണ്ട് പഠിക്കുന്നതിനുവേണ്ടിയും മഹാകവി കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കഥകൾ പുതിയ തലമുറയിൽ എത്തിക്കുന്നതിനുവേണ്ടിയുമാണ് ഈ ഉദ്യമമെന്ന് അധ്യാപകനും കോ- ഓർഡിനേറ്റർ കൂടിയായ എൻ.കെ. ഹരികുമാർ പറഞ്ഞു. ഇതിന് മാർഗനിർദ്ദേശം നൽകുന്നത് തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ.എസ്. സുരേഷ് ബാബു ആണ്.പത്രസമ്മേളനത്തിൽ എൻ. കെ. ഹരികുമാർ, ഹരിചന്ദന, ആതിര ഉത്തമൻ, രതീഷ് ആർ. സി എന്നിവർ പങ്കെടുത്തു