പാരിപ്പള്ളിയിൽ ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നഷ്ടപ്പെടുമെന്ന് ആശങ്ക
1298400
Monday, May 29, 2023 11:30 PM IST
പാരിപ്പളളി : പാരിപ്പളളി ഗവ. മെഡിക്കൽ കോളജിന് അനുവദിച്ച ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നഷ്ടപ്പെട്ടേക്കുമെന്നആശങ്കയിൽ ജനങ്ങൾ. അനുമതി ലഭിച്ചിട്ട് നാളേറെയായെങ്കിലും കെട്ടിടം നിർമാണത്തിനുള്ള നടപടികൾ പുരോഗമിച്ചിട്ടില്ല. കേന്ദ്ര സർക്കാരിന്റെ ഫണ്ടായതിനാൽ നിശ്ചിത സമയത്തിനുള്ളിൽ വിനിയോഗിച്ചില്ലെങ്കിൽ ആ തുക ലാപ്സായിപ്പോകും. കെട്ടിടം നിർമാണം വൈകുന്നത് ജനങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്.
പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷന്റെ കീഴിലാണ് 50 കിടക്കകളുള്ള പുതിയ കെട്ടിടം നിർമിക്കാനാണ് അനുമതി ലഭിച്ചിരുന്നത്. 4250 ചതുരശ്രമീറ്റർ വിസ്തൃതിയിൽ നിർമിക്കുന്ന കെട്ടിടത്തിന് 23.75 കോടി രൂപ വിനിയോഗിക്കാൻ പ്രധാനമന്ത്രി ആയുഷ് മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷനാണ് ഫണ്ട് അനുവദിച്ചത്.
പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി ലഭിച്ചതിനെ തുടർന്ന് സംസ്ഥാന സർക്കാർ പദ്ധതി നടത്തിപ്പിനായി കിറ്റ്കോയെ ഏൽപ്പിച്ചു. കിറ്റ് കോയുടെ നേതൃത്വത്തിൽ പ്രാരംഭ നടപടികൾ ആരംഭിച്ചെങ്കിലും പദ്ധതി നടപ്പിലാക്കാനുള്ള നടപടികൾ എങ്ങുമെത്തിയിട്ടില്ല. ഇതാണ് പദ്ധതി നഷ്ടപെടുമോയെന്ന ആശങ്കയിലാക്കിയിരിക്കുന്നത്.
വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പിന്തുണ കൂടിയുള്ള നാഷണൽ ഫണ്ടിംഗ് ഏജൻസി സ്ഥലം സന്ദർശിച്ചു അനുമതി നൽകിയിരുന്നു. നാഷണൽ ഹെൽത്ത് മിഷന്റെ വിദഗ്ധ സംഘവും പരിശോധനകൾ പൂർത്തിയാക്കി മടങ്ങി.
കേരളത്തിലെ മികച്ച മെഡിക്കൽ കോളജായി ഉയർത്തികൊണ്ടു വരാൻ അടിസ്ഥാന സൗകര്യങ്ങളായ സ്ഥലവും കെട്ടിടങ്ങളുമുള്ള പാരിപ്പളളി മെഡിക്കൽ കോളജിന്റെ നിലവിലെ പോരായ്മകൾക്ക് ക്രിട്ടിക്കൽ കെയർ ബ്ലോക്ക് വരുന്നതോടെ ഒരു പരിധി വരെ പരിഹാരമാകുമായിരുന്നു. ഇ എസ് ഐ കോർപറേഷന്റെ കീഴിലായിരുന്ന മെഡിക്കൽ കോളേജ് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് സർക്കാർ മെഡിക്കൽ കോളേജായി ഉയർത്തിയതോടെ കൊല്ലം ജില്ലയുടെയും സമീപ പ്രദേശങ്ങളിലിലെയും സാധാരണക്കാരുടെ പ്രതീക്ഷയായി മാറിയിരുന്നു. കോടികൾ ചെലവഴിച്ച് നിർമിച്ച കെട്ടിടങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയെങ്കിലും മെഡിക്കൽ കോളജ് പ്രവർത്തനം പൂർണമാക്കാനുള്ള നടപടികളും പാതിവഴിയിലാണ്.
ന്യൂറോ സർജറി, ഉൾപ്പെടെയുള്ള പ്രധാന വിഭാഗങ്ങളും സിറ്റി സ്കാൻ, റേഡിയോളജി സെന്ററുകളും ആരംഭിച്ചിട്ടില്ലാത്തത് കൊണ്ട് സാധാരണക്കാർക്ക് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല.
ദേശീയപാതയോട് ചേർന്ന് സ്ഥിതിചെയ്യുന്ന മെഡിക്കൽ കോളേജിൽ റോഡ് അപകടങ്ങൾ പറ്റിയും, മറ്റ് അത്യാഹിതങ്ങൾ സംഭവിച്ചും ദിനംപ്രതി നിരവധി പേരാണ് എത്തുന്നത്. ഇവിടെ സ്കാനിംഗ് ചെയ്യാനുള്ള സൗകര്യമില്ലായ്മയും, ന്യൂറോ ഡോക്ടറുടെ അഭാവവും മൂലം റഫർ ചെയ്ത് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് വിടുകയാണ് പതിവ്. ഇതിനൊക്കെ പരിഹാരമാകുമായിരുന്നു ക്രിട്ടിക്കൽ കെയർ സംവിധാനങ്ങൾ.