മേരി പോത്തന് അഞ്ചല്‍ സെന്റ് ജോണ്‍സ് സ്കൂള്‍ പ്രിന്‍സിപ്പല്‍
1297568
Friday, May 26, 2023 11:25 PM IST
അഞ്ചല്‍ : അഞ്ചല്‍ മാര്‍ ഗ്രിഗോറിയോസ് കാമ്പസിലെ സെന്റ് ജോണ്‍സ് സ്കൂളിന്റെ പുതിയ പ്രിന്‍സിപ്പലായി സീനിയര്‍ ഫാക്കല്‍റ്റിയും വൈസ് പ്രിന്‍സിപ്പലുമായ മേരി പോത്തനെ സ്കൂള്‍ മാനേജറും രക്ഷാധികാരിയുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നിയമിച്ചു.
കഴിഞ്ഞ 30 വര്‍ഷമായി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന പ്രിന്‍സിപ്പല്‍ സൂസന് കോശി വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം. 1993 ല്‍ സ്കൂളില്‍ അധ്യാപികയായി പ്രവേശിച്ച സൂസന് കോശി കഴിഞ്ഞ 10 വര്‍ഷമായി സ്കൂളിന്റെ പ്രിന്‍സിപ്പലാണ്. ജില്ലയിലെ ഏറ്റവും വലിയ സിബിഎസ്ഇ സ്കൂളായി സെന്റ് ജോണ്‍സ് വളരുന്നതിന് സൂസന് കോശി നല്കിയ സംഭാവനകള്‍ യാത്രയയപ്പ് സമ്മേളനത്തില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു.
ചടങ്ങില്‍ ലോക്കല്‍ മാനേജര്‍ ഫാ. ബോവസ് മാത്യു, വൈസ് ചെയര്മാന് കെ.എം. മാത്യൂ, സെന്റ് ജോണ്‍സ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. കെ.വി. തോമസ് കുട്ടി, നിയുക്ത പ്രിന്‍സിപ്പല്‍ മേരി പോത്തന്, പൂര്‍വ വിദ്യാര്‍ഥി പ്രതിനിധി ഡോ. സുജിത് വര്‍ഗീസ് എബ്രഹാം, വിദ്യാര്‍ഥി പ്രതിനിധി ഗൗതമി ഗിരീഷ്, എസ്. മായപ്രഭ, എന്‍.വി. വിന്‍സെന്റ് എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ സെന്റ് ജോണ്‍സ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ജോണ്സണ് പുതുവേലില്‍, പ്രിന്‍സിപ്പല്‍ ഫാ. ഷോജി വെച്ചൂര്കരോട്ട്, ബര്‍സര്‍ ഫാ. ജിനോയ് മാത്യു, ആയൂര്‍ ചെറുപുഷ്പ സ്കൂള്‍ ബര്‍സാര്‍ ഫാ. ക്രിസ്റ്റി ചരുവിള, ഏഴംകുളം കാര്‍മല്‍ഗിരി സ്കൂള്‍ ബര്‍സാര്‍ ഫാ. തോമസ് കുറ്റിയില്‍, റവ. ഷിബിന്‍ ശിശുമണി, റവ. ബിബിന്‍ മാത്യു, സെന്റ് ജോസഫ് മിഷന് ഹോസ്പിറ്റല്‍ ഡയറക്ടര്‍ സിസ്റ്റര്‍ ലില്ലി തോമസ്, ഏരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അജയന്, കരവാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിഷ മുരളി, അഞ്ചല്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാരായ എ. സക്കീര്‍ഹുസൈന്‍, എസ്. ബൈജു, എസ്. സൂരജ്, വി.വൈ. വര്‍ഗീസ്, അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഗോപകുമാര്‍, സെന്റ് ജോര്‍ജ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ലീന അലക്സ്, ചെറുപുഷ്പ സ്കൂള്‍ പ്രിന്‍സിപ്പല്‍ വ.എല്‍. ജോര്‍ജ്കുട്ടി, അനീഷ് കെ.അയിലറ, മാധ്യമപ്രവര്‍ത്തകര്‍, പൂര്‍വവിദ്യാര്‍ഥികള്‍, അധ്യാപകര്‍, സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സ്കൂള്‍ മാഗസിന്റെ പ്രകാശനം കര്‍ദിനാള്‍ പ്രിന്‍സിപ്പല്‍ സൂസന് കോശിക്ക് നല്കി നിര്‍വഹിച്ചു.