യുവാവിനെ മാരകമായി ആക്രമിച്ച സംഘത്തിലെ പ്രതികൾ പിടിയിൽ
1282955
Friday, March 31, 2023 11:20 PM IST
കൊല്ലം: യുവാവിനെ മാരകമായി ആക്രമിച്ച സംഘത്തിലെ രണ്ടു പ്രതികൾ പോലീസ് പിടിയിലായി. മയ്യനാട് കാക്കോട്ടുമൂല ഡെയ്സണ് ഡെയിനിൽ റോബിൻസണ് (26), കാക്കോട്ടുമൂല കോയിക്കൽത്തൊടി ശരത് (27) എന്നിവരാണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്.
വീടിന് സമീപത്ത് നിന്ന് മദ്യപിച്ചത് മയ്യനാട് സ്വദേശി റോമൽ ആന്റണി ചോദ്യം ചെയ്തതലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായത്. കഴിഞ്ഞ മാസം 12 ന് രാത്രി കാക്കോട്ടുമൂല പള്ളിയിലെ പരിപാടികൾ കഴിഞ്ഞ് വാഹനം എടുക്കാൻ മടങ്ങി വരുകയായിരുന്ന റോമൽ ആന്റണിയെ പ്രതികൾ മുൻവിരോധത്തിൽ വഴിയിൽ തടഞ്ഞ് നിർത്തി മർദിക്കുകയായിരുന്നു.
ഈ സമയം റോബിൻസണ് കന്പിവടി ഉപയോഗിച്ച് ഇയാളുടെ തലയിലടിക്കുകയും ചെയ്തു. നിലത്ത് വീണ റോമൽ ആന്റണിയെ പ്രതികൾ നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ഒളിവിൽ കഴിഞ്ഞ് വന്ന രണ്ടു പ്രതികളെ കണ്ടെത്തി പിടികൂടുകയായിരുന്നു. ഇൻസ്പെക്ടർ അജിത്ത്കുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ജയേഷ്, സക്കീർ ഹുസൈൻ, സിപിഒ അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.